'സന്ദർഭം വ്യക്തമാക്കിയില്ല', റിപ്പ്ഡ് ജീന്‍സ് വിവാദത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഭാര്യ

By Web TeamFirst Published Mar 19, 2021, 10:10 AM IST
Highlights

തിരത് സിംഗ് റാവത്തിന്റെ ചോദ്യത്തിന് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടെ മന്ത്രിയെ പ്രതിരോധിച്ച് ഭാര്യ രശ്മി ത്യാ​ഗി

ഡെറാഡൂൺ: റിപ്പ്ഡ് ജീന്‍സ്(പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ ചോദ്യത്തിന് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടെ മന്ത്രിയെ പ്രതിരോധിച്ച് ഭാര്യ രശ്മി ത്യാ​ഗി. അദ്ദേ​ഹം പ്രസ്താവന നടത്തിയ സന്ദർഭം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നാണ് ഭാര്യയുടെ പ്രതികരണം. 

സമൂഹത്തെയും രാജ്യത്തെയും നിർമ്മിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. രജ്യത്തിന്റെ സംസ്കാരം, തനിമ, വസ്ത്രധാരണം എന്നിവ നിലനിർത്തുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രശ്മി ത്യാ​ഗി പറഞ്ഞു. 

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ എത്തരത്തിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും റാവത്ത് ചോദിച്ചിരുന്നു.  സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീന്‍സ് ധരിച്ചത് കണ്ട് താന്‍ ഞെട്ടി. ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന മാതൃകയില്‍ തനിക്ക് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഇത്തരം സ്ത്രീകള്‍ സമൂഹത്തിലിറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍ എന്ത് തരത്തിലുള്ള സന്ദേശമാണ് ഇവര്‍ സമൂഹത്തിനും കുട്ടികള്‍ക്കും നല്‍കുന്നത്. എല്ലാം വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. നമ്മള്‍ ചെയ്യുന്നത് കുട്ടികള്‍ പിന്തുടരും. വീട്ടില്‍നിന്ന് ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര ആധുനികനായാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാല്‍മുട്ടുകള്‍ മറക്കാത്ത ജീന്‍സ് ധരിക്കുന്നത് നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. 

click me!