
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി രംഗത്ത്. വനിത, ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യയാണ് ഭർത്താവ് ഗിരിധാരി ലാൽ സാഹുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. മന്ത്രിയുടെ പരാതിയിൽ ഗർഹി കാൻ്റ് പൊലീസ് വ്യാഴാഴ്ച വൈകുന്നേരം കേസെടുത്തു. ശാരീരികമായി ആക്രമിച്ചുവെന്നും വഞ്ചിച്ചുവെന്നും വ്യാജരേഖ ചമച്ചുവെന്നും തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമാണ് രേഖ ആര്യ പരാതിയിൽ പറയുന്നത്. തൻ്റെ പ്രായപൂർത്തിയാകാത്ത മകനെ ഭർത്താവ് ഭീഷണിപ്പെടുത്തിയതായും രേഖ ആര്യ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഭർത്താവ് തന്നെയും മക്കളെയും അപായപ്പെടുത്തുമോ എന്ന് ആശങ്കയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലും മന്ത്രി രേഖ ആര്യ ഭർത്താവിനെതിരെ രംഗത്തെത്തി. തൻ്റെ മക്കളുടെ സുരക്ഷയെക്കുറിച്ച് ഓർത്താണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയതെന്ന് രേഖ ആര്യ കണ്ണീരോടെ പറഞ്ഞു. 2004 ജൂലൈ ആറിന് ഉത്തർ പ്രദേശിലെ ബറേലിയിൽ വെച്ചാണ് ആര്യയും സാഹുവും തമ്മിൽ വിവാഹിതരായതെന്ന് പരാതിയിൽ പറയുന്നു. മുൻ വിവാഹത്തിൽ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നിട്ടും താൻ അവിവാഹിതനാണെന്ന് അവകാശപ്പെട്ട് ഭർത്താവ് തന്നെ വഞ്ചിച്ചതായി മന്ത്രി ആരോപിച്ചു. വർഷങ്ങൾക്ക് ശേഷമാണ് താൻ ഈ സത്യാവസ്ഥ അറിഞ്ഞതെന്നും എന്നാൽ മക്കളുടെ ഭാവി ഓർത്ത് മൗനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം തുടങ്ങിയെന്നും ഇക്കാര്യം താൻ പിടികൂടിയപ്പോൾ രേഖാമൂലവും വാക്കാലും മാപ്പ് ചോദിച്ചുവെന്നും ഇതിന് ശേഷവും പരസ്ത്രീ ബന്ധം തുടർന്നതായും മന്ത്രി ആരോപിച്ചു. ഇത് എതിർത്തപ്പോൾ ഭർത്താവിന്റെ പെരുമാറ്റം അക്രമസ്വഭാവമുള്ളതായി മാറിയെന്നും തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽവെച്ച് സ്റ്റാഫിന് മുമ്പാകെ മന്ത്രിക്ക് നേരെ ഭർത്താവ് ജാതിയധിക്ഷേപം നടത്തിയെന്നും എഫ്ഐആറിലുണ്ട്. തൻ്റെ വ്യാജ ഒപ്പ് ഇട്ട് രേഖകൾ തയ്യാറാക്കിയെവന്നും മന്ത്രിയുടെ ആരോപണമുണ്ട്. തന്നെ കൊലപ്പെടുത്തുമെന്ന് മറ്റൊരു സ്ത്രീയോട് ഭർത്താവ് പറയുന്ന ശബ്ദസന്ദേശം ലഭിച്ചതായും മന്ത്രി അവകാശപ്പെട്ടു. അൽമോറയിലെ സോമേശ്വർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് രേഖ ആര്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam