
ഡെറാഡൂൺ: ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവിന്റെ വിവാദ പരാമർശം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 20,000 മുതൽ 25,000 രൂപ നൽകിയാൽ വിവാഹത്തിന് പെണകുട്ടികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായത്. കഴിഞ്ഞ മാസം അൽമോറയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഗിർധാരി ലാൽ ഈ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ “വയസുകാലത്ത് നിങ്ങൾ വിവാഹം കഴിക്കുമോ? പറ്റില്ലെങ്കിൽ ബിഹാറിൽ നിന്ന് ഒരു പെൺകുട്ടിയെ കൊണ്ടുവരാം… അവിടെ 20,000 മുതൽ 25,000 രൂപക്ക് കിട്ടും, എന്റെ കൂടെ വരൂ, നിങ്ങൾക്ക് വിവാഹം കഴിപ്പിച്ചുതരാം” എന്നാണ് ഗിർധാരി ലാൽ പറയുന്നത്.
എന്നാൽ, സംഭവം വലിയ വിവാദമായതോടെ ഗിർധാരി ലാൽ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും, ഒരു സുഹൃത്തിന്റെ വിവാഹത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, വിവാദത്തോട് പ്രതികരിക്കാതെ തുടരുകയാണ് ബിജെപി. പാർട്ടിക്ക് ഗിർധാരി ലാലുമായി യാതൊരു ബന്ധവുമില്ലെന്നും, സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ചിന്തകളെയും പ്രസ്താവനകളെും ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി നേതാവ് മൻവീർ സിംഗ് ചൗഹാൻ വ്യക്തമാക്കി.
എന്നാൽ, ഇന്ത്യയിലെ സ്ത്രീകളോടുള്ള ഗുരുതരമായ അപമാനമാണിതെന്നും, വിഷയത്തിൽ ബിജെപി മാപ്പുപറയണമെന്നും ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആവശ്യപ്പെട്ടു. “ബിഹാറിലോ കേരളത്തിലോ ഉത്തരാഖണ്ഡിലോ ഏത് നാട്ടിലെ പെണകുട്ടി ആയാലും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഭാര്യ തന്നെ വനിതാ-ശിശു വികസന മന്ത്രിയായിരിക്കെ ഇത്തരം വാക്കുകൾ പറയുന്നത് ലജ്ജാകരമാണെന്ന് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ജ്യോതി റൗട്ടേലയും പ്രതികരിച്ചു. ഇതിനിടെ, ഗിർധാരി ലാലിന് നോട്ടീസ് നൽകുമെന്ന് ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam