'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പുറത്തുള്ള ഇയാൾ ആരാണ്? രാജ്യമത് സഹിക്കില്ല': മംദാനിയുടെ കുറിപ്പിനെതിരെ ബിജെപി

Published : Jan 03, 2026, 08:39 AM IST
Zohran Mamdani supports Umar Khalid

Synopsis

തിഹാർ ജയിലിലുള്ള ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി പിന്തുണയറിയിച്ചതിനെതിരെ ബിജെപി രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് അനുവദിക്കില്ലെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ

ദില്ലി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനുവദിക്കില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയോട് ബിജെപി. മംദാനി തിഹാർ ജയിലിലുള്ള മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിന് അയച്ച കുറിപ്പിനെതിരെയാണ് വിമർശനം. ബിജെപിയുടെ ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്. ആരെങ്കിലും കുറ്റാരോപിതനെ പിന്തുണയ്ക്കുകയോ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്താൽ, രാജ്യം അത് സഹിക്കില്ലെന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. ഓരോ ഇന്ത്യൻ പൗരനും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഗൗരവ് ഭാട്ടിയ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യാൻ പുറത്തുനിന്നുള്ളവർ ആരാണ്? അതും ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാൻ വേണ്ടിയാണോ? ഇത് ശരിയല്ല. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യക്കാർ നിലകൊള്ളും"- ഗൗരവ് ഭാട്ടിയ പറഞ്ഞു. അതേസമയം ഉമർ ഖാലിദിന് ജാമ്യം നൽകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ന്യായവും സമയബന്ധിതവുമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധികൾ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയ്ക്ക് കത്തെഴുതി.

രാഹുൽ ഗാന്ധി വിദേശ യാത്രകളിൽ ഇന്ത്യാ വിരുദ്ധ ശക്തികളെയും ഇന്ത്യയുടെ ശത്രുക്കളെയും കണ്ടുമുട്ടുന്നുവെന്നും രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു.

ഉമർ ഖാലിദിന് മംദാനിയുടെ കത്ത്

കയ്പുള്ള അനുഭവങ്ങൾ ഒരാളെ പൂർണമായും കീഴടക്കാൻ അനുവദിക്കരുത് എന്ന ഉമർ ഖാലിദിന്‍റെ വാക്കുകളെ താൻ എപ്പോഴും ഓർക്കാറുണ്ടെന്ന് കത്തിൽ മംദാനി കുറിച്ചു. ഉമറിന്‍റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ യുഎസ് സന്ദർശന വേളയിൽ ഉമർ ഖാലിദിന്റെ മാതാപിതാക്കൾക്ക് മംദാനി നൽകിയ "പ്രിയപ്പെട്ട ഉമർ" എന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്-

നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി സംസാരിച്ചിരുന്നു. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങിൽ, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ വാക്കുകൾ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്.

2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ദില്ലി കോടതി ജാമ്യം നൽകിയിട്ടില്ല കുടുംബത്തിലെ വിവാഹ ആവശ്യങ്ങൾക്കായി ഡിസംബർ പകുതിയോടെ ചെറിയ കാലയളവിൽ ഇടക്കാല ജാമ്യം അനുവദിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉമർ ഖാലിദിന്‍റെ തടങ്കലിനെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് അമേരിക്കയിലെ പ്രബലനായ രാഷ്ട്രീയ നേതാവിന്റെ കത്ത് പുറത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 വയസുമുതൽ ഉറ്റ ചങ്ങാതിമാർ, വിവാഹ നിശ്ചയ ചിത്രങ്ങളുമായി പ്രിയങ്ക ഗാന്ധിയുടെ മകൻ
ആർഎസ്എസിനെ ആദ്യം എതിർത്തത് ബ്രിട്ടീഷ് സർക്കാർ, സ്വാതന്ത്ര്യം കിട്ടിയ ശേഷവും എതിർപ്പ് തുടർന്നു: മോഹൻ ഭഗവത്