ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ മരണം: മാസങ്ങൾക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെയും കാണാതായി

By Web TeamFirst Published Sep 26, 2022, 8:56 AM IST
Highlights

പെൺകുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നുവെന്നായിരുന്നു അന്ന് റിസോർട്ട് ഉടമയായ പുൾകിത് ആര്യ മൊഴി നൽകിയത്

ദില്ലി: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഉത്തരാഖണ്ഡിലെ വനതാര റിസോർട്ടിൽ നിന്ന് മാസങ്ങൾക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. എട്ട് മാസം മുൻപാണ് പൗരി ഗാഡ്‌വാൾ സ്വദേശിയായ റിസപ്ഷനിസ്റ്റിനെ കാണാതായത്. പെൺകുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നുവെന്നായിരുന്നു അന്ന് റിസോർട്ട് ഉടമയായ പുൾകിത് ആര്യ മൊഴി നൽകിയത്.

അതേസമയം അങ്കിത ഭണ്ഡാരിയുടെ മൃതദേഹത്തിലെ പോസ്റ്റ്മോർട്ടം പരിശോധനാ ഫലം ഇന്ന് ലഭിക്കും. സംസ്ഥാനത്തും ദില്ലിയിലും അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ഒരു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം സമ്മതിച്ചത്. മരണത്തിന്‍റെ യഥാർത്ഥ കാരണമറിയണമെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു രാവിലെ മുതല്‍ കുടുംബത്തിന്‍റെ നിലപാട്. അധികൃതരുമായി നടത്തിയ അനുനയ ചർച്ചയ്ക്ക് ശേഷം വൈകീട്ടാണ് സംസ്കാരം നടത്താന്‍ അങ്കിതയുടെ അച്ഛന്‍ സമ്മതിച്ചത്. ജനക്കൂട്ടത്തെ പ്രദേശത്തുനിന്നും മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതേദഹം സൂക്ഷിച്ച മോർച്ചറിക്ക് മുന്നിലും നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. ബദരിനാഥ് - ഋഷികേശ്  ദേശീയ പാത മണിക്കൂറുകളോളം തടഞ്ഞു. ദില്ലിയിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആംആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിലും കുടംബം വിശ്വാസം പ്രകടിപ്പിക്കുന്നില്ല. ബിജെപി നേതാവിന്‍റെ മകന്‍ പുൾകിത് ആര്യ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ റിസോര്ട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനാണെന്നും, കര്‍ശന നിലപാട് സ്വീകരിച്ചുവെന്ന് വരുത്തി തീർക്കാനാണ് ഇതെന്നും കുടുംബം ആരോപിക്കുന്നു. 

അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി. അതേ സമയം റിസോർട്ടിലെത്തിയിരുന്ന സന്ദ‍ർശകരില്‍ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്‍റെ കൈയില്‍ പണമില്ലായിരിക്കാം, എന്നാല്‍ പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്ന് അങ്കിത അയച്ച മെസേജുകൾ സുഹൃത്തുക്കൾ പോലീസിന് കൈമാറി. ഈ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

click me!