
ദില്ലി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ രക്ഷാദൗത്യം അവസാന മണിക്കൂറിലേക്ക്. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റീൽ പാളികൾ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്.
ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകാരാറിലായി. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ ഇന്നലെ അറിയിച്ചിരുന്നു. അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam