Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡ് ഹിമപാതം: 10 മൃതദേഹങ്ങൾ കണ്ടെത്തി, മരണപ്പെട്ടവരിൽ സവിത കാൻസ്വാളും

രാജ്യത്തെ ഏറ്റവും മികച്ച പർവതാരോഹകരില്‍ ഒരാളായ സവിത കാന്‍സ്വാൾ ജൂലൈയിൽ 16 ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് ഇട്ടിരുന്നു 

Mountaineer Savita Kanswal Died In Avalanche In Uttarakhand
Author
First Published Oct 5, 2022, 1:20 PM IST

കാശി: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പർവതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പർവതാരോഹക സവിത കാന്‍സ്വാൾ മരിച്ചവരില്‍ ഉൾപ്പെടുന്നു. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.  

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടുക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പർവതാരോഹകരില്‍ ഒരാളായ സവിത കാന്‍സ്വാൾ അപകടത്തില്‍ മരിച്ചു എന്നാണ് ഏറ്റവും ഒടുവിലായി വരുന്ന വാർത്ത. ഉത്തരകാശി സ്വദേശിയായ സവിത കഴിഞ്ഞ ജൂലൈയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി റെക്കോഡിട്ടിരുന്നു. 

നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സവിത. 34 വിദ്യാർത്ഥികൾക്കൊപ്പം പോയ 7 പരിശീലകരില് ഒരാളായി സവിതയും സംഘത്തിലുണ്ടായിരുന്നു. ഇതുവരെ അപകടത്തില്‍ 10 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 14 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 8 പേരെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് കൈക്കും കാലിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടരുകയാണ്. 

അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഇന്ന് ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേർ ഉത്തരാഖണ്ഡില്‍ നിന്നാണ് എട്ട് പേർ, പശ്ചിമബംഗാളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നും മൂന്ന്, ഹരിയാനയില്‍നിന്നും കർണാടകയില്‍നിന്നും രണ്ട്, ദില്ലി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാൾ വീതവും അപകടത്തില്‍ പെട്ടിട്ടുണ്ട്. 

കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തി. കര - വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.  പ്രധാനനമന്ത്രിയും രാഷ്ട്രപതിയും അപകടത്തില്‍  ദുഖം രേഖപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios