വി മുരളീധരന്‍ ഇനി കേന്ദ്രമന്ത്രിസഭയില്‍; സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും

By Web TeamFirst Published May 30, 2019, 8:53 PM IST
Highlights

സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. 

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തിനും പ്രാതിനിധ്യം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയത്.

നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്.  മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ്  അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. അൽഫോൺസ് കണ്ണന്താനവും സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷം നേരത്തേ ഏഷ്യാനെറ്റ് ന്യൂസുമായി വി മുരളീധരൻ പങ്കുവച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന്‍ പ്രതികരിച്ചു.

നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഉത്തരവാദിത്വം അതിന് അര്‍ഹിക്കുനന് ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തില്‍നിന്നുള്ള ഒരു പ്രതിനിധിയെ തെര‍ഞ്ഞെടുത്തതിനെ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു.

click me!