പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം

Published : Jan 20, 2026, 11:14 AM IST
beagle dog

Synopsis

ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ കടിച്ചത്. സ്കൂൾ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം

ഗാന്ധിനഗർ: വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി കൂടിയായ യുവതിയാണ് മരണപ്പെട്ടത്. ബീഗിൾ ഇനത്തിലുള്ള വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. കൃത്യമായി വാക്സിനുകൾ എടുത്തിരുന്ന നായയും ചത്തിരുന്നു. സംഭവം വലിയ രീതിയിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ കടിച്ചത്. സ്കൂൾ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം. പരിക്ക് സാരമില്ലാതിരുന്നതിനാലും കൃത്യമായി നായയ്ക്ക് വാക്സിൻ എടുത്തിരുന്നതിനാലും യുവതി പരിക്കേറ്റ സമയത്ത് റാബീസ് വാക്സിൻ എടുത്തിരുന്നില്ല. എന്നാൽ ഒരു ആഴ്ചയ്ക്ക് പിന്നാലെ അവശ നിലയിലായ നായ ഒക്ടോബർ 17 ന് ചത്തു. പേവീഷ ബാധയുടെ ലക്ഷണങ്ങളും നായ കാണിച്ചിരുന്നു. 

ഇതിന് പിന്നാലെ നായയുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും സ്കൂൾ മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂൾ ക്യാംപസിൽ തന്നെ വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ രണ്ടാം വാരത്തിൽ യുവതിക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പിന്നാലെ തന്നെ യുവതിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സ ലഭ്യമാക്കിയെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. രണ്ട് ആഴ്ചയിലേറെ ചികിത്സയിൽ കഴിഞ്ഞ യുവതിയെ രക്ഷിക്കാൻ സാധിച്ചില്ല. യുവതിയുടെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ പകർച്ച വ്യാധി പ്രോട്ടോക്കോൾ അനുസരിച്ച് നടത്തി. നായയുടെ കടിയേറ്റാൽ തെരുവ് നായയാണോ വളർത്തുനായയാണോ എന്ന് കണക്കിലെടുക്കാതെ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതാണ് ഗുജറാത്തിലുണ്ടായ ഈ സംഭവം.

നായ കടിയേറ്റാൽ ഉടൻ ഇക്കാര്യം ചെയ്യുക

ശരീരത്തില്‍ എവിടെ പട്ടി കടിച്ചാലും ആദ്യം തന്നെ സോപ്പ്, ഡെറ്റോള്‍ എന്നിവയില്‍ ഏതെങ്കിലുമോ ശുദ്ധജലമോ ഉപയോഗിച്ച് 20 - 25 മിനിറ്റ് മുറിവ് വൃത്തിയായി മുറിവ് കഴുകണം. ഇങ്ങനെ മുറിവ് കഴുകുന്നതിലൂടെ ഏതാണ്ട് 90 ശതമാനം വൈറസിനെയും നശിപ്പിക്കാന്‍ കഴിയും. മുഖം, കഴുത്ത്, കണ്ണ്, ചെവി, കൈപ്പത്തി, കാല്‍വെള്ള, ജനനേന്ദ്രിയം വിരലിന്‍റെ അറ്റം തുടങ്ങിയ ഭാഗങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നു. നാഡീവ്യൂഹം കൂടുതലുള്ള സ്ഥലങ്ങളില്‍ കടിയേല്‍ക്കുമ്പോഴാണ് വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നത്. മുറിവില്‍ മഞ്ഞള്‍പൊടിതേക്കുക, മുറിവ് കെട്ടിവെയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മുറിവ് കഴുകി വൃത്തിയാക്കിയ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തുക. കാര്യമായ മുറിവില്ലെന്ന് കരുതി ആശുപത്രിയിലേക്ക് പോകാതിരിക്കരുത്. ചെറിയൊരു പോറലിലൂടെ പോലും വൈറസിന് ശരീരത്തിനകത്ത് കടക്കാന്‍ കഴിയുമെന്നറിയുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
'ചുംബിക്കുന്നത് സഹപ്രവർത്തകയെ, വീഡിയോ 8 വർഷം മുമ്പുള്ളത്?', ഡിജിപിയുടെ അശ്ലീല വീഡിയോ പകർത്തിയത് ഒളിക്യാമറയിലെന്ന് സൂചന