വന്ദേഭാരത് ദൗത്യം ഫലം കാണുമോ? മൂന്ന് ഘട്ടങ്ങളിലെത്തിച്ചത് രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയില്‍ താഴെ ആളുകളെ

By Web TeamFirst Published Jun 6, 2020, 8:47 AM IST
Highlights

ഇതിനോടകം പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലായി 1,07,123 തിരികെയത്തിച്ചതായാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. മൂന്നാംഘട്ടത്തില്‍ 38000 പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ദില്ലി: കൊവിഡ് 19നെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പുറത്ത്  കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍. മൂന്നാം ഘട്ടം പൂര്‍ത്തായാകുമ്പോഴും നാട്ടിലെത്താനാവാതെ നിരവധി പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയേണ്ടി വരും. വന്ദേഭാരതിന്‍റെ മൂന്ന് ഘട്ടം ഈ മാസത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകുന്നത് രജിസ്റ്റര്‍ ചെയ്തതില്‍ 41 ശതമാനം പ്രവാസികളെ മാത്രമാണ്. 

കൊവിഡ് ഭീഷണി നേരിടുന്ന വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ദൗത്യം കഴിഞ്ഞ 7നാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. ഇതിനോടകം പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലായി 1,07,123 തിരികെയത്തിച്ചതായാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. മൂന്നാംഘട്ടത്തില്‍ 38000 പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ 1,45,123  പേര്‍ക്കാണ് മൂന്ന് ഘട്ടങ്ങളായുള്ള ദൗത്യത്തിന്‍റെ പ്രയോജനം കിട്ടിയത്. 3,48, 565 പേരാണ് വന്ദേഭാരതില്‍ രജിസ്റ്റര്‍ ചെയ്തത്.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ വലിയ നിരക്കും, കൂടുതല്‍ സ്വകാര്യവിമാനങ്ങളെ ദൗത്യത്തിന്‍റെ ഭാഗമാക്കാത്തതും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പലരുടെയും മടക്കത്തിന് തടസ്സമാകുകയാണ്. 
അതേസമയം പദ്ധതിയുടെ നാലാം ഘട്ടത്തെ കുറിച്ചാവട്ടെ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല.  രജിസ്റ്റര്‍ ചെയ്ത് നാളുകള്‍ കാത്തിരുന്നിട്ടും ഇനിയും നിരവധി പേര്‍ക്ക് നാടെത്താന്‍ കഴിഞ്ഞിട്ടില്ല. എംബസിയില്‍ നിന്നുള്ള വിളി ഇന്നു വരും നാളവരും എന്ന പ്രതീക്ഷയില്‍ കഴിയുന്നവര്‍. അടിയന്തരാവശ്യം അറിയിച്ചിട്ടു പോലും പ്രതികരണമില്ലെന്നാണ് പ്രസാകളുടെ പരാതി. 

Read more: വന്ദേ ഭാരത് മൂന്നാം ഘട്ടം; സൗദിയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു 

വന്ദേഭാരതിന് സമാന്തരമായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളുടെ നിരക്ക് സാധാരണക്കാര്‍ക്ക് വെല്ലുവിളിയാണ്. സ്വകാര്യ വിമാനക്കമ്പനികളില്‍ സ്പൈസ് ജെറ്റിന് മാത്രമാണ്  ഇപ്പോള്‍ യാത്രാ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം വന്ദേഭാരത് ദൗത്യത്തിന്‍റെ അടുത്തഘട്ടം സംബന്ധിച്ച സൂചനകളൊന്നും വിദേശകാര്യമന്ത്രായലയം നല്‍കുന്നുമില്ല.

വീഡിയോ സ്റ്റോറി കാണാം

click me!