റിയാദ്: വന്ദേ ഭാരത് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ഔസാഫ് സഈദാണ് പുതിയ ഷെഡ്യൂള്‍ ട്വിറ്ററിലൂടെ അറിയിച്ചത്.  മെയ് 29നും 30തിനും ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വ്വീസുണ്ടാകും. 319 യാത്രക്കാര്‍ വീതമാണ് രണ്ട് വിമാനങ്ങളിലും ഉണ്ടാകുക.

വന്ദേഭാരത് മിഷന്‍റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത് സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 28 മുതല്‍ ആരംഭിക്കും. സലാലയില്‍ നിന്നും കണ്ണൂരിലേക്ക്  മൂന്നു സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉണ്ടാവുക.