പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു

Published : Dec 19, 2025, 12:50 AM IST
Rajyasabha

Synopsis

പദ്ധതിച്ചെലവിൻ്റെ 40% വരെ സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി. ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് ഈ ബിൽ എന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. മധ്യപ്രദേശിൽനിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിം​ഗ് ചൗഹാൻ പാവങ്ങളെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേർക്ക് പ്രതിപക്ഷ അംഗങ്ങൾ നീങ്ങി. നിങ്ങൾക്ക് ജനാധിപത്യത്തോട് ബഹുമാനമില്ലെന്ന് സഭാ അധ്യക്ഷൻ പറഞ്ഞു. ആവശ്യപ്പെട്ടത്ര ചർച്ച നടത്തിയിട്ടും ഇത്തരത്തിൽ പ്രവർത്തിച്ച അംഗങ്ങളെ തെരഞ്ഞെടുത്തവർ ഇത് കാണണമെന്ന് കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണപക്ഷം ജയ് ശ്രീരാം വിളിച്ചു. അർദ്ധരാത്രി സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം നടന്നു. ശിവരാജ് സിങ് ചൗഹാന് എതിരെ മുദ്രാവാക്യമു‌‌ർത്തി. പ്രതിപക്ഷം മഹാത്മജിയുടെ ആശയങ്ങളെ കൊല്ലുകയാണ് എന്ന് സഭയിൽ കേന്ദ്രമന്ത്രി വിമർശിച്ചു.

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ​ഗ്രാമീൺ റോസ്​ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കൾ പരസ്യമായി സ്വാ​ഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് മാത്രമല്ല വികസിത ഭാരത് ​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരിൽ പദ്ധതി മൊത്തത്തിൽ പൊളിച്ചെഴുതുകയാണെന്ന് പാർലമെന്റിൽ അവതരണത്തിന് മുന്നോടിയായി ബിൽ എംപിമാർക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസർക്കാരാണ് നൽകിയിരുന്നതെങ്കിൽ പുതിയ നിയമത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നാൽപത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങൾ നൂറിൽ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയർത്തിയിട്ടുണ്ട്. 

അതേസമയം പദ്ധതിക്കായി അം​ഗീകരിച്ച തൊഴിലുകളിൽ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ​ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികൾ, ​ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള പ്രവർത്തികൾ മുതലായവയാണ് ജോലിയായി അം​ഗീകരിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട കാർഷിക സീസണുകളിൽ പദ്ധതിപ്രകാരം തൊഴിൽ നൽകാൻ പാടില്ലെന്നും, കർഷക തൊഴിളാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലിൽ പറയുന്നു. അപേക്ഷിച്ച് പതിനഞ്ച് ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ വേതനത്തിന് അർഹതയുണ്ടായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കേന്ദ്ര ​ഗ്രാമീണ റോസ്​ഗാർ കൗൺസിലാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. നേരത്തെ ​ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേൽനോട്ടം. പദ്ധതിയുടെ ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഡിസംബർ 19ന് വി ബി ജി റാം ജി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചിട്ടുണ്ട്. പ്രാദേശിക ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ പ്രതിഷേധം നടത്തും. കർഷകരും തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിന്‍റെ ഭാഗമാകും എന്ന് നേതാക്കൾ അറിയിച്ചു. ബില്ലിന്‍റെ പേരിൽ പ്രശ്നമുണ്ടെങ്കിലും അതിനേക്കാൾ വലിയ പ്രശ്നം അതിന്‍റെ ഉള്ളടക്കത്തിൽ ആണെന്നും അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ തകർക്കുന്നതാണ് ബില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി