
ചെന്നൈ: കൈക്കുഞ്ഞായിരിക്കെ തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വീരപ്പന്‍റെ മകൾ വിദ്യാറാണി. മറ്റൊരു പൊലീസുകാരനാണ് തന്നെ രക്ഷിച്ചതെന്നും വിദ്യാറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സേലം മേട്ടൂരിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിദ്യാറാണി പ്രചാരണത്തിനിടെയാണ് മനസ് തുറന്നത്.
അച്ഛന്‍റെ ചരിത്രവും കാൽപ്പാടുകളും ഇവിടെയാണ്. പ്രത്യേക ദൗത്യസംഘം പീഡിപ്പിച്ചവർ ഇവിടെയുണ്ട്. അച്ഛനെയോർത്ത് അഭിമാനമാണെന്നും വിദ്യാറാണി പറയുന്നു. ജനങ്ങൾക്ക് ഇടയിലായിരുന്നു അച്ഛൻ. ജനങ്ങൾക്കെതിരായി ഒന്നും ചെയ്തില്ല. ഇക്കാര്യം ജനങ്ങളാണ് പറയുന്നത്. അതവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതാണ്. വെടിയുതിർക്കാൻ ഇഷ്ടമാണ്, അതെന്‍റെ രക്തത്തിൽ ഉണ്ട്. പക്ഷേ ലൈസൻസില്ലാതെ തോക്കെടുക്കാനാകില്ല. ബുള്ളറ്റ് തെറിക്കും പോലെയാണ് തന്‍റെ വാക്കുകളുെന്നും വിദ്യാറാണി വീരപ്പൻ പറഞ്ഞു.
ആദ്യമായും അവസാനമായും ഒരിയ്ക്കൽ മാത്രമാണ് അച്ഛനെ കണ്ടത്. ഒരേ പാത്രത്തിൽ നിന്ന് പഠിച്ചു, തോക്കെടുക്കാൻ പഠിപ്പിച്ചു, മടിയിലിരുത്തി അച്ഛൻ കരഞ്ഞു. എന്‍റെ ജീവിതം നഷ്ടമായി. നമ്മളെ സഹായിച്ചവർക്കായി നീ ജിവിക്കണമെന്ന് പറഞ്ഞു. കർണാടകക്കാരനായ ഐപിഎസുകാരൻ മറ്റൊരു പൊലീസുകാരനോട് തന്നെ വെടിവച്ച് കൊല്ലാൻ പറഞ്ഞു. അയാൾ എന്നെ കൈയിലെടുത്ത് ജീവനായി യാചിച്ചു. അങ്ങനെയാണ് ഞാൻ മരിക്കാതിരുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് എന്നോട് പറഞ്ഞത്. ഞാൻ അച്ഛനമ്മമാർ വളർത്തിയ കുഞ്ഞല്ല. ജനത്തിന്‍റെ പണത്തിലാണ് പഠിച്ചതും വളർന്നതും. ബിജെപിയോട് ജനത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് ചോദിക്കാനാകുമോ? അവർ പറയുന്നതേ എനിക്ക് ചെയ്യാനാകൂ. പൊലീസ് കസ്റ്റഡിയിലെ ജനനത്തിന് പിന്നാലെ, വിദ്യാറാണി എന്ന് പേരിട്ടത് ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശൈലേന്ദ്ര ബാബുവാണ്. ഒരിക്കൽ മാത്രമാണ് അച്ഛനെ കണ്ടതെന്നും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അതെന്നും വിദ്യാറാണി പറയുന്നു.
നിയമബിരുദധാരിയായ വിദ്യാറാണി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടി അത്ഭുതപ്പെടുത്തി. ബിജെപി വിട്ട് സീമാൻ്റെ പാർട്ടിയിൽ ചേരാനുള്ള കാരണവും വിദ്യ വെളിപ്പെടുത്തി. ബിജെപിയോട് ജനത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് ചോദിക്കാനാകുമോ? അവർ പറയുന്നതേ എനിക്ക് ചെയ്യാനാകൂവെന്നും വിദ്യ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam