സ്ത്രീകള്‍ക്ക് തോക്ക് വേണ്ട, മറ്റുള്ളവര്‍ സംരക്ഷിക്കും: ഉപരാഷ്ട്രപതി

By Web TeamFirst Published Dec 11, 2019, 2:42 PM IST
Highlights

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി.

ദില്ലി: ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട വനിതാ എംപിമാരോട് സ്ത്രീകള്‍ക്ക് എന്തിനാണ് തോക്കെന്ന ചോദ്യവുമായി ഉപരാഷ്ട്രപതി. എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല. അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമല്ലോയെന്നും രാജ്യ സഭാധ്യക്ഷന്‍ പറഞ്ഞു. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയിലായിരുന്നു സംഭവം. ചര്‍ച്ച പൂര്‍ത്തിയായെങ്കിലും സംസാരിക്കാന്‍ അനുമതി തേടിയ വനിതാ എംപിമാരില്‍ ഒരാള്‍ക്ക് സംസാരിക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി. എണ്ണം ഒന്നായി കുറയ്ക്കാനാണു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് 2 ആക്കിയത്. 

വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാൽ 2 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് ഭേദഗതി. ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റ് ഇതുവരെ 169 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ആയുധ നിയമം ലംഘിക്കുന്നവർക്കുള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കാനും നിര്‍ദ്ദേശിച്ചുള്ളതാണ് ഭേദഗതി.

click me!