'സവര്‍ക്കര്‍ ബഹുമുഖപ്രതിഭ, ജാതിരഹിത ഇന്ത്യ സ്വപ്നം കണ്ടു'; ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉപരാഷ്ട്രപതി

Published : Nov 16, 2019, 03:29 PM IST
'സവര്‍ക്കര്‍ ബഹുമുഖപ്രതിഭ, ജാതിരഹിത ഇന്ത്യ സ്വപ്നം കണ്ടു'; ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉപരാഷ്ട്രപതി

Synopsis

സവര്‍ക്കറുടെ പല മുഖങ്ങളും ഇപ്പോഴും വിവേചിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ല. ഇന്ത്യയിലെ തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം തുടങ്ങിവരില്‍ ഒരാള്‍ സവര്‍ക്കറാണ്. ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തതും അദ്ദേഹമാണെന്നും ഉപരാഷ്ട്രപതി

ദില്ലി: ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർ ബഹുമുഖപ്രതിഭയുള്ള വ്യക്തിത്വം ആയിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്‍ഡു. സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്‍ത്താവും എഴുത്തുകാരനും കവിയും രാഷ്ട്രീയ നേതാവും ചരിത്രകാരനും തത്ത്വചിന്തകനും എല്ലാമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

'സവര്‍ക്കര്‍: എക്കോസ് ഫ്രം ഫോര്‍ഗോട്ടന്‍ പാസ്റ്റ്' എന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു വെങ്കയ്യ നായ്‍ഡുവിന്‍റെ പുകഴ്ത്തല്‍. സവര്‍ക്കറുടെ പല മുഖങ്ങളും ഇപ്പോഴും വിവേചിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിലെ തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം തുടങ്ങിവരില്‍ ഒരാള്‍ സവര്‍ക്കറാണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. രത്നഗിരി ജില്ലയില്‍ പവന്‍ മന്ദിര്‍ നിര്‍മിച്ച് ദളിതര്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദുക്കള്‍ക്കും അവിടെ പ്രവേശനം അനുവദിച്ചത് സവര്‍ക്കറാണ്.

ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് അദ്ദേഹമാണ്.  1857ല്‍ നടന്ന രാജ്യവിപ്ലവത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആദ്യ യുദ്ധം എന്ന് അദ്ദേഹം വിളിച്ചു. ഒരു സമൂഹത്തിന് വിലങ്ങുതടിയാകുന്ന ഏഴു കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇടുങ്ങിയ ജാതി വ്യവസ്ഥയാണ് അതില്‍ ആദ്യം, ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ടതാണ് ജാതി വ്യവസ്ഥയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു പ്രത്യേക വിഭാഗത്തിനല്ലാതെ എല്ലാവര്‍ക്കും വേദങ്ങളുടെ ജ്ഞാനം പകര്‍ന്നു നല്‍കണമെന്നുള്ളാതായിരുന്നു അടുത്തത്. മൂന്നാമതായി യോഗ്യതയും കഴിവും മാത്രം നോക്കി ജാതിചിന്തയില്ലാതെ ജോലി നല്‍കണമെന്നായിരുന്നു. ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ പോയി അവിടെയുള്ള മികച്ച കാര്യങ്ങള്‍ ഇങ്ങോട്ട് കൊണ്ട് വരണമെന്നും രാജ്യത്തിന്‍റെ സംസ്കാരം ലോകത്തിന്‍റെ എല്ലാ മൂലയിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള ജാതിവ്യത്യാസത്തെ തകര്‍ത്തെറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒപ്പം ആറാമതായി മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി ശാസ്ത്രവിഷയങ്ങള്‍ രാജ്യത്ത് വികസിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ദീര്‍ഘ വീക്ഷണമുള്ള സവര്‍ക്കര്‍ ഇന്ത്യയുടെ ഭാവി വികസനത്തിന് നല്‍കിയ ഊര്‍ജം ഓര്‍മിക്കപ്പെടേണ്ടതാണ്. ജീവിതകാലത്ത് ഒരുവട്ടമെങ്കിലും ജയില്‍ പോകണമെന്ന് സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം പറഞ്ഞിരുന്നതായും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി