പരോള്‍ കിട്ടിയില്ല, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം

By Web TeamFirst Published Nov 16, 2019, 2:39 PM IST
Highlights

വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് വസീമിന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി നല്‍കുകയായിരുന്നു.

ദില്ലി: കൊലപാതക കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം. വെള്ളിയാഴ്ചയാണ് ജയില്‍ വളപ്പിനുള്ളില്‍ വച്ച് മുഹമ്മദ് വസീമിന്‍റെ വിവാഹം നടന്നത്. 2016 ലെ യാസിര്‍ വധക്കേസില്‍ പങ്കാളികളായ ഗഗിജ  ഖാന്‍ ഗാംഗിലെ അംഗമാണ് വസീം. പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയിലാണ് വിവാഹത്തിന് വേദിയായത്. 

വസീമിന്‍റെ തൊട്ടടുത്ത നഗരത്തില്‍നിന്നാണ് വധു. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വസീനെ 2010ലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. 

പിന്നീട് വസീമിന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി നല്‍കുകയായിരുന്നു. കൊലപാതകത്തിന് പുറമെ നിരവധി കേസുകളില്‍ പ്രതിയാണ് വസീം. വസീമിന് എതിരായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇയാള്‍ക്ക് പരോള്‍ നിഷേധിക്കപ്പെട്ടത്. നേരത്തേ ഹൈക്കോടതിയുടെ അനുമതി പ്രകാരം ഇതേ ജയിലില്‍ മറ്റൊരു വിവാഹം നടന്നിരുന്നു. ഗുണ്ടാതലവന്‍ മന്‍ദീപിന്‍റെ വിവാഹമാണ് ഇത്തരത്തില്‍ നടന്നത്. 

click me!