
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരുവാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വാക് പോര് കടുപ്പിച്ച് ബിജെപി-ആം ആദ്മി പാർട്ടി നേതാക്കൾ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നും രംഗത്തെത്തി. ഷഹീൻബാഗിലെ സമരക്കാർക്ക് ബിരിയാണി വിളംമ്പാൻ മാത്രമേ കെജ്രിവാളിന് കഴിയൂ എന്നായിരുന്നു ബിജെപിയുടെ യുപി മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഷഹീന്‍ ബാഗ് സമരക്കാര്‍ തീവ്രവാദികളാണെന്നും കെജ്രിവാള്‍ അവര്‍ക്ക് ബിരിയാണി വിളമ്പുകയാണെന്നുമാണ് യോഗി ആദിത്യനാഥിന്‍റെ ആരോപണം. കൻവാരിയ തീർത്ഥാടനത്തിന് തടസം സൃഷ്ടിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന യോഗിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെ തന്നെ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. യോഗിയെ പ്രചരണ രംഗത്തുനിന്നു വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി സ്ഥാനാര്‍ഥി പർവേഷ് വര്‍മ്മ എന്നിവര്‍ക്ക് പിന്നാലെയായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പ്രസംഗം. ശ്രാവണ മാസത്തില്‍ ഗംഗായാത്ര നടത്തുന്ന കന്‍വാരിയ തീര്‍ഥാടകരും നാട്ടുകാരുമായി സംഘര്‍ഷങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിൽ ശിവഭക്തരെ തടയുന്നവർക്ക് തോക്ക് കൊണ്ട് മറുപടി നല്‍കണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.
തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് യോഗിയെ വിലക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഭീകരരെ പിതാവായി കാണുന്നവരാണ് യോഗിയെ എതിര്‍ക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ മറുപടി. ഉമർ ഖാലിദ്, അഫ്സൽ ഗുരു, ബുർഹാൻ വാണി എന്നിവരെ പിതാവിന് തുല്യമായി കാണുന്ന ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗെന്നു മാറ്റണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam