അയോധ്യ; തര്‍ക്ക ഭൂമിയില്‍ ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന് വിലക്ക്

By Web TeamFirst Published Oct 15, 2019, 9:11 AM IST
Highlights

സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നത് വരെ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ പുതിയ ചടങ്ങുകളൊന്നും അനുവദിക്കില്ലെന്ന് അയോധ്യ ഡിസി അറിയിച്ചു. 

ലഖ്നൗ: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ദീപാവലി ദിവസം വിളക്ക് തെളിയിക്കുന്നതിന് വിശ്യഹിന്ദുപരിഷത്തിന് അനുമതി നിഷേധിച്ചു. അയോധ്യ ഡിവിഷണല്‍ കമ്മിഷറാണ് വിഎച്ച്പി ഉള്‍പ്പെടെ നിവേദനം സമര്‍പ്പിച്ചവര്‍ക്ക് അനുവാദം നിഷേധിച്ചത്. 

സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നത് വരെ സ്ഥലത്ത് ഒരു തരത്തിലുള്ള പുതിയ ചടങ്ങുകളും അനുവദിക്കില്ലെന്നും ഇവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അയോധ്യ ഡിസി മനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ദീപാവലി ദിവസം വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരത് ശര്‍മ്മയും  മറ്റ് പ്രമുഖ മതവിശ്വാസികളുമാണ് ഡിസിക്ക് നിവേദനം നല്‍കിയത്.

എന്നാല്‍ അയോധ്യ കേസിലെ പരാതിക്കാരില്‍ ഒരാളായ ഹാജി മെഹ്‍ബൂബ് ഇതിനെ എതിര്‍ത്തു. വിളക്ക് തെളിയിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥലത്ത് മുസ്ലിം മതാചാരപ്രകാരമുള്ള നമസ്കാരം നടത്താന്‍ തങ്ങള്‍ക്കും അനുവാദം നല്‍കണമെന്നായിരുന്നു ഹാജി മെഹ്‍ബൂബിന്‍റെ ആവശ്യം. അയോധ്യ ശ്രീരാമന്‍റെ ജന്മഭൂമിയാണെന്നും അവിടെ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുക എന്നത് ന്യായമായ ആവശ്യമാണെന്നും ശരത് ശര്‍മ്മ പറഞ്ഞു. ഇതിന് അനുവദിച്ചില്ലെങ്കില്‍ ദീപങ്ങള്‍ അധികാരികള്‍ക്ക് കൈമാറാമെന്നും സ്ഥലത്ത് ദീപാലങ്കാരം നടത്താന്‍ അവര്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിയാല്‍ മതിയെന്നും ശരത് ശര്‍മ്മ ഡിസിയെ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.  
 

click me!