
തിരുവനന്തപുരം:ഇന്ത്യൻ നാവികസേനയുടെ(indian navy) തലപ്പത്തേക്ക് ഒരു മലയാളി(malayali). മലയാള മണ്ണിന് അഭിമാന നിമിഷം. നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവനായി ആർ ഹരികുമാർ (r harikumar)ചുമതലയേൽക്കുമ്പോൾ ഒരു മുഴുനീള സൈനിക ജീവിതത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന സ്ഥാനക്കയറ്റം കൂടിയാവുന്നു അത്.
1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാർ കാലു വയ്ക്കുന്നത്.
പഠനത്തിനുശേഷം 1983 ൽ എക്സിക്യൂട്ടീവ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹരികുമാറിനെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഔദ്യോഗിക ജീവിതത്തിനിടയിൽ തന്നെ മുംബൈ സർവകലാശാലയിലും അമേരിക്കയിലെ നേവൽ വാർ കോളേജിലും ലണ്ടനിലെ കിംഗ്സ് കോളേജിലുമായി ഉപരിപഠനം പൂർത്തിയാക്കി.
21 മത്തെ വയസ്സിൽ നാവികസേനയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഐഎൻഎസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുപുറമേ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് രൺവീർ, ഐഎൻഎസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം.
ആഫ്രിക്കൻ രാജ്യമായ സെയ്ച്ചെല്ലേസിലെ നാവിക സേന ഉപദേഷ്ടാവ്, ഐഎൻഎസ് ദ്രോണാചാര്യയിൽ ട്രെയിനിങ് കമാൻഡ്, വെസ്റ്റേൺ നാവികസേനാ ആസ്ഥാനത്തെ കമാൻഡ് ഗണ്ണറി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1992 ഡിസംബർ മുതൽ 1993 ജൂൺ മാസം വരെ സൊമാലിയയിൽ ഐക്യരാഷ്ട്രസഭയുടെ സിവിൽ മിലിറ്ററി ഓപ്പറേഷനുകളിൽ ഭാഗമായിരുന്നു.
കേരളത്തിൽ വേരുകൾ ഉണ്ടായിരുന്ന കന്യാകുമാരി നെയ്യൂർ സ്വദേശി സുശീൽ കുമാർ മുൻപ് നാവികസേന മേധാവിയായിരുന്നു. എങ്കിലും കേരളക്കരയിൽ നിന്ന് തന്നെയുള്ള മലയാളി ഈ അത്യുന്നത പദവിയിലേക്ക് എത്തുന്നത് ഇതാദ്യമാണ്. നിലവിൽ വെസ്റ്റേൺ നാവിക കമാൻഡ് ഇൻ ചീഫ് പദവി അലങ്കരിക്കുകയാണ് ഹരികുമാർ. നവംബർ 30 ന് നിലവിലെ നാവിക സേന മേധാവി കരംബീർ സിംഗ് സ്ഥാനമൊഴിഞ്ഞാലുടൻ ഹരികുമാർ ചുമതലയേൽക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam