
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യ സ്ഥാാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അട്ടിമറി ഒഴിവാക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബി ജെ പി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അസംതൃപ്തരായ എൻ ഡി എ എം പിമാരെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ചെറുക്കാനാണ് ബി ജെ പി നീക്കം. ബി ആർ എസ്, ബിജു ജനതാദൾ, ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയാണെന്നറിയിച്ചു.
വിശദ വിവരങ്ങൾ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് ഉറപ്പാക്കാനുള്ള എല്ലാ വഴിയും തേടുകയാണ് ബി ജെ പി. നിലവിൽ ലോക്സഭയിലും രാജ്യസഭയിലുമായുള്ള 781 എം പിമാരിൽ 423 പേർ എൻ ഡി എ പക്ഷത്തുണ്ട്. 322 പേർ ഇന്ത്യ സഖ്യത്തിലും. ബാക്കിയുള്ള 36 ൽ വൈ എസ് ആർ കോൺഗ്രസിന്‍റെ 11 പേർ എൻ ഡി എയുടെ സി പി രാധാകൃഷ്ണന് അനുകൂലമായി വോട്ടു ചെയ്യും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് കിട്ടിയത് 182 വോട്ടുകളാണ്. എന്നാൽ ഇത്തവണ കുറഞ്ഞത് 323 ലേക്ക് ഈ സംഖ്യ ഉയരും. അടുത്തിടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലേക്ക് നടന്ന വോട്ടെടുപ്പിിൽ ചില ബി ജെ പി എം പിമാർ പാർട്ടി നിർദ്ദേശം ലംഘിച്ചിരുന്നു. എം പിമാർ ആരും വോട്ടെടുപ്പിന് വരാതിരിക്കരുത് എന്ന കർശന നിർദ്ദേശം ബി ജെ പി നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി എം പിമാരുടെ യോഗത്തിലും എൻ ഡി എ യോഗത്തിലും പ്രധാനമന്ത്രി മുഴുവൻ സമയം ഇരുന്നതും ബി ജെ പിയുടെ കരുതലോടെയുള്ള നീക്കത്തിന്‍റെ സൂചനയായി. എം പിമാർക്കായി കോൺഗ്രസ് സംഘടിപ്പിച്ച മോക്ക് വോട്ടിംഗിൽ സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ പങ്കെടുത്തതും ശ്രദ്ധേയമായി. ജഗ്ധീപ് ധൻകറെ മാറ്റിയതടക്കുള്ള വിഷയങ്ങളിൽ അതൃപ്തിയുള്ള ചിലർ കൂറുമാറി വോട്ടു ചെയ്യും എന്നാണ് കോൺഗ്രസ് പ്രതീക്ഷ. ബാലറ്റ് പേപ്പറിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്ന് അക്കത്തിൽ എഴുതിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഇത് പാലിക്കാത്തതിനാൽ കഴിഞ്ഞ തവണയും 15 വോട്ടുകൾ അസാധുവായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പക്ഷവും എം പിമാർക്ക് പരിശീലനം നൽകി വോട്ടെടുപ്പിന് തയ്യാറെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam