
മുംബൈ: റാലിക്കിടെ ശിവസേന എംഎൽഎ വനിതാ നേതാവിനെ ചുംബിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പിന്നാലെ പരാതിയുമായി എംഎൽഎയുടെ കുടുംബം. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. എംഎൽഎ പ്രകാശ് സർവെ വനിതാ വക്താവ് ശീതൾ മാത്രെയെ ചുംബിച്ചുവെന്നായിരുന്നു പ്രചാരണം.
നേതാവിനെ അപകീർത്തിപ്പെടുത്താൻ വീഡിയോ മോർഫ് ചെയ്ത് ബോധപൂർവം ഷെയർ ചെയ്തതാണെന്ന് സുർവെയുടെ കുടുംബം പറഞ്ഞു. പരാതിയിൽ ദഹിസർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളായ മനസ് കുവാർ 26, 45 കാരൻ അശോക് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
ഷിൻഡെ വിഭാഗം ശിവസേന എം എൽ എ പ്രകാശ് സർവെയുടെയും ഒരു വനിതാ നേതാവിന്റെയും മോർഫ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേരാണെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ റാലിയിൽ ശിവസേന എം എൽ എ പ്രകാശ് സർവെയും പാർട്ടി വക്താവ് ശീതൾ മാത്രെയും ഒരുമിച്ച് പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. പിന്നാലെ ആയിരുന്നു ഇത്തരമൊരു വീഡിയോ വൈറലായത്. സംഭവത്തിൽ ശീതൾ മാത്രെയും ശക്തമായ പ്രതികരണവുമായെത്തി. രാഷ്ട്രീയത്തിൽ സ്ത്രീയെ കുറിച്ച് ഒന്നും പറയാനില്ലെങ്കിൽ അവളുടെ സ്വഭാവത്തെ അപമാനിക്കുന്നത് ഒരു വൃത്തികെട്ട കൂട്ടത്തിന്റെ സംസ്കാരമാണെന്നും അവര്‍ പറഞ്ഞു.