
ദില്ലി : രാജസ്ഥാനിലെ കുമാവാസിൽ 25 ലേറെ തെരുവ് നായകളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഓഗസ്റ്റ് 2, 3 തിയ്യതികളിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
തെരുവ് നായ്ക്കളെ വെടിവെച്ചു കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓഗസ്റ്റ് 2, 3 തീയതികളിലാണ് സംഭവം നടന്നത്. രണ്ട് പേർ ഒരു മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് നായ്ക്കൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു മൂന്നാമത്തെയാൾ മറ്റൊരു ബൈക്കിൽ ഇരുന്ന് ഈ സംഭവം ചിത്രീകരിക്കുന്നതും കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന മൂന്നാമത്തെയാൾ ഈ സംഘത്തിനൊപ്പമുള്ളയാളാണോ എന്നതിൽ വ്യക്തതയില്ല.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ശ്യോചന്ദ് ബവാരിയ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം, ആയുധ നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്കെതിരെ മൃഗാവകാശ സംഘടനകളും നാട്ടുകാരും ശക്തമായി രംഗത്തെത്തി. ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.