
ചെന്നൈ : തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് യുടെ നിർദേശം. ക്യാന്‍റീനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ചെന്നൈയിൽ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളിൽ 267 ക്യാന്റീനുകളുമാണുള്ളത്. ക്യാന്‍റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകി. സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്‍റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പള്ളികൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ പൂട്ടാൻ വിജയ് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഈ ഭക്ഷണ പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
കേരളാ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ നിന്നും വിജയ് വിട്ടുനിന്നു
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നതിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ച . മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്ന് ഡിഎംകെ ആരോപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയും കോൺഗ്രസും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്, കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്‌യെ ക്ഷണിച്ചിരുന്നു. എന്നാൽ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിൽ വലിയ ജനപ്രവാഹം പരിപാടിയിലേക്ക് ഉണ്ടാകുമായിരുന്നുവെന്നും അതിലൂടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി വിജയ് മാറുമായിരുന്നുവെന്നും ടിവികെ വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam