സുമ്മാ വന്തേന്ന് നെനച്ചിയാ..? ഹോംവര്‍ക്കും പരീക്ഷയും കഴിഞ്ഞ്, 'വെട്രി' രുചിച്ച്, അത് തേടിയാണ് ദളപതിയുടെ വരവ്!

Published : Feb 02, 2024, 09:50 PM IST
സുമ്മാ വന്തേന്ന് നെനച്ചിയാ..? ഹോംവര്‍ക്കും പരീക്ഷയും കഴിഞ്ഞ്, 'വെട്രി' രുചിച്ച്, അത് തേടിയാണ് ദളപതിയുടെ വരവ്!

Synopsis

ദളപതിയുടെ ഈ നീക്കത്തിന് പിന്നിലെ കാരണങ്ങളും ലക്ഷ്യവും എന്തൊക്കെയാണ്.  നോക്കാം. 

ചെന്നൈ: തമിഴ്നാട്ടില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനം അറിയിച്ചിരിക്കുകയാണ് വിജയ്. കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് പൂര്‍ണ സമയം രാഷ്ട്രീയത്തിലിറങ്ങുമെന്നും വിജയ് വ്യക്തമാക്കി കഴിഞ്ഞു. ദളപതിയുടെ ഈ നീക്കത്തിന് പിന്നിലെ കാരണങ്ങളും ലക്ഷ്യവും എന്തൊക്കെയാണ്.  നോക്കാം. 'തമിഴ് സിനിമയില്‍ ഒരേയൊരു പുരട്ചി തലൈവര്‍ എംജിആര്‍, ഒരേയൊരു നടിഗര്‍ തിലകം ശിവാജി ഗണേശന്‍, ഒരേയൊരു പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍ വിജയകാന്ത് ഒരേയൊരു ഉലഗനായഗന്‍ കമല്‍ഹാസന്‍ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ഒരേയൊരു തല അജിത്. എന്റെ രാജാവ് നിങ്ങളാണ്. ഞാന്‍ നിങ്ങളുടെ ദളപതി' കഴിഞ്ഞ വര്‍ഷം വിജയ് പറഞ്ഞ ഈ വാക്കില്‍ നിന്നും ജനം വായിച്ചെടുത്തതാണ്. ഇപ്പോഴിതാ പ്രഖ്യാപനം.

ദ്രാവിഡ കക്ഷികള്‍ മാത്രം വേരുപിടിക്കുന്ന തമിഴ് മണ്ണില്‍ വിജയ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ് വെട്രി കഴകം. വെട്രി എന്നാല്‍ വിജയം. സൊന്നാ പുരിയാത് സൊല്ലുങ്കുള്ളേ അടങ്കാത് നീങ്കയെല്ലാം എന്‍മേലെ വച്ച പാസം. ആ പാസത്തെ വോട്ടാക്കി മാറ്റാന്‍ രണ്ടും കല്‍പ്പിച്ചുള്ള വരവ്. തന്റെ ഫാന്‍സ് അസോസിയേഷനായ 'വിജയ് മക്കള്‍ ഇയക്കത്തെ മുന്‍പ് തന്നെ മക്കളുടെ ഇടയിലേക്ക് പറഞ്ഞുവിട്ട് അടിത്തറ ഒരുക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം കണ്ടു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. മഴയിലും പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വിജയ് ആരാധകര്‍ തമിഴ് മക്കളുടെ ഇടയിലേക്ക് നേരിട്ടിറങ്ങി. വിജയ് തന്നെ നേരിട്ടെത്തി പ്രളയദുരിത ബാധിതരെ ചേര്‍ത്തുപിടിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പല്ല, അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ് യുടെ ഉന്നം. ഇതൊരു എടുത്തുചാട്ടമെന്ന് പറയാന്‍ പറ്റില്ല. വര്‍ഷങ്ങളായുള്ള ഹോം വര്‍ക്കും സമകാലികരുടെ അനുഭവങ്ങളും കണ്ടും പഠിച്ച് തന്നെയാണ് വിജയ്യുടെ വരവ്. വിജയകാന്തിന്റെ ഉയര്‍ച്ചയും തളര്‍ച്ചയും അടുത്തുനിന്ന് കണ്ട ഒരാള്‍. കമല്‍ഹാസന്‍ മല പോലെ വന്ന് എലി പോലെയായ മക്കള്‍ നീതി മയ്യം. പലകുറി ഒരുങ്ങിയിട്ടും പിന്‍വാങ്ങിയ രജനികാന്ത്. ഇതെല്ലാം വിജയുടെ മുന്നിലുണ്ടായിരുന്നു.

90 കളില്‍ രജനികാന്ത് ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് തമിഴകത്തിന്റെ പുരച്ഛി തലൈവരായേനെ രജനി എന്ന് വിശ്വസിക്കുന്നവരുണ്ട്. അന്ന് രജനി എടുക്കാന്‍ വൈകിയ തീരുമാനം വിജയ് കൃത്യ സമയത്ത് എടുത്തുവെന്ന് പറയാം. എന്റെ അണ്ണന്‍ എന്ന് വിളിച്ച് മലയാളിയും തമിഴനും നെഞ്ചേറ്റുന്ന താരം. പടം മോശമായാല്‍ പോലും കോടിക്കിലുക്കത്തില്‍ ‍ഞെട്ടിക്കുന്ന താരം. രജനിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം. അതുകൊണ്ട് തന്നെയാണ് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന് ചോദിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നതും. 

വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും നീക്കം. വിജയ്‌ ഒരു പദയാത്രയും നടത്തിയേക്കും. അടുത്തിടെ ഇറങ്ങിയ സിനിമകളിലൂടെ പറഞ്ഞുവച്ച രാഷ്ട്രീയം, ജിഎസ്‌ടി വിവാദം, റെയിഡുകള്‍, തിരഞ്ഞെടുപ്പ് ദിവസത്തെ സൈക്കിള്‍ യാത്ര അങ്ങനെ പോയവര്‍ഷങ്ങളില്‍ വിജയ് കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. സംഘപരിവാര്‍ വിരുദ്ധ ചേരിയില്‍ വിജയ് കാണുമെന്നും ഉറപ്പിക്കാം. 

തമ്മില്‍തല്ലി ഇല്ലാതാകുന്ന നാഥനില്ലാ കളരിയായ അണ്ണാ ഡിഎംകെ. ഡിഎംകെയിലെ അഴിമതി ആരോപണങ്ങളും കുടുംബാധിപത്യവും. ഇതെല്ലാം മുതലെടുത്ത് തമിഴ്നാട്ടില്‍ വളരാന്‍ അണ്മാമലൈയെ ഇറക്കി കളം പിടിക്കാന്‍ നോക്കുന്ന ബിജെപി. ബിജെപിയുടെ ഈ നീക്കത്തിന് കിട്ടുന്ന അടിയാണ് ഈ വരവ്. എംജിആര്‍, ജയലളിത, കരുണാനിധി, എം.കെ സ്റ്റാലിന്‍. ഇവര്‍ക്ക് ശേഷം വെള്ളിത്തിരയില്‍ നിന്നൊരാള്‍ തമിഴ്നാടിന്റെ മുതല്‍ അമച്ഛര്‍ കസേരിയില്‍ ഇരിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇവന്റെ മുഖം ആരെങ്കിലും തിയറ്ററില്‍ പോയി കാശുകൊടുത്ത് കാണുമോ എന്ന് തുടക്കകാലത്ത് കേട്ട വിമര്‍ശനത്തിന് വിജയ് കൊടുത്ത മറുപടി നമുക്ക് മുന്നിലുണ്ട്. ഈ പുതുമുഖ വരവില്‍ കാത്തിരിക്കുന്ന വിമര്‍ശനങ്ങള്‍ അയാള്‍ക്ക് പടിക്കെട്ടുകളാകുമോ എന്ന് കാത്തിരുന്ന് കാണാം.

വിജയുടെ രാഷ്ട്രീയ പ്രവേശനവും പാർട്ടി പ്രഖ്യാപനവും; പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു