
ലഖ്‌നൗ: കാണ്‍പൂരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ സഹായിയെ എന്‍കൗണ്ടറില്‍ വെടിവെച്ച് കൊലപ്പെടുത്തി. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെയെയാണ് ഹാമിര്‍പുരില്‍വെച്ച് ബുധനാഴ്ച രാവിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെ ഉണ്ടായിരുന്നെന്ന് എഡിജി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമര്‍ ദുബെ മഥുര ഭാഗത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പിന്നീട് ഹാമിര്‍പുരില്‍ ഇയാള്‍ ഉണ്ടെന്ന് ഉറപ്പിച്ചു. ശേഷം ജില്ലാ പൊലീസുമായി ബന്ധപ്പെട്ട് സഹായം തേടി പ്രദേശം മുഴുവന്‍ അടച്ചു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ അമര്‍ ദുബെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തിരിച്ചുള്ള വെടിവെപ്പില്‍ അമര്‍ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസുകാരെ ആക്രമിച്ചതില്‍ പ്രധാനിയായിരുന്നു അമര്‍ദുബെ. ഡെപ്യൂട്ടി എസ് പിയടക്കം എട്ട് പൊലീസുകാരാണ് അന്ന് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ആക്രമണത്തില്‍ പ്രധാനിയായ വികാസ് ദുബെയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam