
ദില്ലി: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ കൊലപാതകം അന്വേഷിക്കുന്ന സമിതി പുനസംഘടിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിർദ്ദേശം നൽകി. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. അറസ്റ്റും വിചാരണയുമാണ് നിയമ വ്യവസ്ഥ വഴി നടക്കേണ്ടതെന്നും യുപി സർക്കാരിനും ഇത് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ദുബെ കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. റിട്ടയേർഡ് അലഹബാദ് ഹൈക്കോടതി ജഡ്ജി കേസ് അന്വേഷിക്കുമെന്നാണ് യുപി സർക്കാർ അറിയിച്ചത്. എന്നാൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി സമിതി പുനസംഘടിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ഇത് അംഗീകരിക്കുമെന്ന് യുപി സർക്കാർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും കോടതിയിൽ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ഇത് 22 ന് ഹാജരാക്കാമെന്ന് സർക്കാർ അറിയിച്ചു.
നിയമവ്യവസ്ഥ പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. യുപി സർക്കാരിനും അത് ബാധകമാണ്. 65 കേസിൽ പ്രതിയായ കൊടുംകുറ്റവാളിക്ക് എങ്ങനെയാണ് ഈ കേസുകളിലെല്ലാം ജാമ്യം കിട്ടിയതെന്നും വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam