Agnipath Scheme : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിൽ രാജ്യത്ത് പ്രതിഷേധം ശക്തം, ബിഹാറിൽ ട്രെയിൻ കത്തിച്ചു

Published : Jun 16, 2022, 01:04 PM ISTUpdated : Jun 16, 2022, 01:06 PM IST
Agnipath Scheme : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിൽ രാജ്യത്ത് പ്രതിഷേധം ശക്തം, ബിഹാറിൽ ട്രെയിൻ കത്തിച്ചു

Synopsis

രാജസ്ഥാനിലും ഹരിയാനയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി; പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി,  6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കുമെന്ന് ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു

ദില്ലി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ബീഹാറിൽ പ്രതിഷേധക്കാർ ട്രെയിനും ബസുകളും കത്തിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. സൈന്യത്തിൽ സ്ഥിരം സേവനത്തിനുള്ള അവസരം തടയുന്നു എന്നാരോപിച്ചുള്ള പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

വിപ്ലവകരമായ പദ്ധതി എന്ന് അവകാശപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബീഹാറിൽ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. ബിഹാറിലെ ബാബ്വയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീ വച്ചു. ഇന്റർസിറ്റി എക്സ്പ്രസിന്റെ ചില്ലുകൾ തകർത്തു. ജെഹനാബാദിൽ ട്രെയിൻ തടഞ്ഞ പ്രതിഷേധക്കാർ നീക്കം ചെയ്യാനെത്തിയ പൊലീസിന് നേരെ കല്ലെറിഞ്ഞു.  പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് തോക്ക് ചൂണ്ടി. 

നവാഡയിലും പ്രതിഷേധം ശക്തമാണ്. റോഡുപരോധിച്ച ജനക്കൂട്ടം ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. റെയിൽവേ ട്രാക്കിലും ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. റെയിൽവേയുടെ വസ്തുക്കൾ വ്യാപകമായി നശിപ്പിച്ചു. ചാപ്റയിൽ ബസിന് തീയിട്ടു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. ബിഹാറിന് പിന്നാലെ ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. ഹരിയാനയിൽ പ്രതിഷേധക്കാരും പൊലീസും പലയിടങ്ങളിൽ ഏറ്റുമുട്ടി. രാജസ്ഥാനിൽ റെയിൽപ്പാതയും ദേശീയ പാതയും ഉപരോധിച്ചു.

രണ്ട് വർഷമായി കൊവിഡ് കാരണം  സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല റിക്രൂട്ട്മെൻറ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അഗ്നിപഥ് പദ്ധതി വഴി സേനയിൽ കയറിയാലും നാലു വർഷം കഴിയുമ്പോൾ പുറത്തിറങ്ങണം. പ്രായപരിധി 21 വയസായി ചുരുക്കിയതും പ്രതിഷേധത്തിനു കാരണമാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധം തലവേദനയാകുമ്പോഴും പ്രതിരോധമന്ത്രി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 

Agnipath : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനെ ന്യായീകരിച്ച് കരസേന ഉപമേധാവി, രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു

അതേസമയം, കേന്ദ്ര‍ സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു രംഗത്തെത്തി. അഗ്നിവീർമാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. അടുത്ത 6 മാസം കൊണ്ട് കാൽലക്ഷം അഗ്നിവീർ സൈനികരെ നിയമിക്കുമെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി. തൊട്ടടുത്ത വർഷം 15,000 പേരെ നിയമിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ സേനയുടെ 25 ശതമാനവും അഗ്നിവീർ സൈനികർ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതിയെ അനുകൂലിച്ച് കരസേനാ ഉപമേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സേനയുടെ ശരാശരി പ്രായം 26 ആക്കി കുറയ്ക്കാൻ അഗ്നിപഥ് പദ്ധതി സഹായിക്കുമെന്നും ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്