
ചെന്നൈ: ബംഗളൂരുവിലും ഹൈദരാബാദിലും ഈയടുത്തുണ്ടായ ദുരന്തങ്ങളുടെ ഞെട്ടൽ മാറും മുമ്പ് വീണ്ടും കണ്ണീരിലാവുകയാണ് ദക്ഷിണേന്ത്യ. കരൂരിലേതിന് സമാനമായ കാഴ്ചകൾ തന്നെയായിരുന്നു ബംഗളൂരുവിലും ഹൈദരാബാദിലും ഐപിഎൽ കിരീടവുമായി എത്തിയ വിരാട് കോലിയേയും സംഘത്തേയും കാണാനെത്തിയ 11 പേരാണ് ബംഗളൂരുവിൽ മരിച്ചത്. പുഷ്പ ടുവിന്റെ റിലീസിനിടെ ഹൈാദരാബാദിൽ അല്ലു അർജുൻ എത്തിയപ്പോഴും തിരക്ക് അപകടത്തിൽ കലാശിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ താര ആരാധന ജീവനെടുത്ത സംഭവങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി ചേർത്തിരിക്കുകയാണ് കരൂർ. ഈ വർഷം ജൂൺ നാലിന് ഐപിഎൽ കിരീടവുമായി എത്തിയ വിരാട് കോലിയേയും സംഘത്തേയും കാണാൻ ബംഗളൂരു നഗരത്തിലേക്ക് ആരാധകർ ഒഴുകിയെത്തി. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ കിരീട നേട്ടം ആഘോഷിച്ച് വിധാൻ സൗധയ്ക്ക് മുന്നിലും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും ആർസിബിക്ക് ജയ് വിളിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എല്ലാം പങ്കെടുത്ത പരിപാടിക്ക് പിന്നാലെ പൊലീസ് നിയന്ത്രണം പാളി. തിക്കിലും തിരക്കിലും പൊലിഞ്ഞത് 11 ജീവനാണ്. പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സസ്പെൻഡ് ചെയ്തു. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം മാനേജ്മെന്‍റിനെതിരെ കേസെടുത്തു.കർണാടക ക്രിക്കറ്റ് അസോസിയേഷനേയും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഡിഎൻഎയേയും പ്രതി ചേർത്തു. ടീം മാർക്കറ്റിംഗ് മേധാവിയേയും ഇവന്‍റ് മാനേജ്മെന്റ് ഡയറക്ടറേയും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
അപകടത്തെ കുറിച്ച് ആർസിബി ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത് കഴിഞ്ഞ മാസം മാത്രമാണ്. രാജ്യത്തെ നടുക്കിയ അടുത്ത താരാരാധന ദുരന്തം കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് സംഭവിച്ചത്. പുഷ്പ ടു സിനിമയുടെ ആദ്യ പ്രദർശനത്തിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ എത്തിയ സൂപ്പർ സ്റ്റാർ അല്ലു അർജുനെ കാണാൻ ജനം തിക്കിത്തിരക്കി. 35 വയസുകാരി രേവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മകൻ ഒമ്പതുവയസുകാരൻ ശ്രീ തേജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് അല്ലുവിനെയും സന്ധ്യ തിയറ്റർ ഉടമകളേയും പ്രതികളാക്കി കേസെടുത്തു. അല്ലുവിനെ നാടകീയമായി അറസ്റ്റും ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ അല്ലു ഒരു രാത്രി ജയിലഴി എണ്ണി. ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ താരത്തെ കാണാൻ ടോളിവുഡ് ആകെയെത്തിയതാണ് ചരിത്രം. സിനിമ റെക്കോർഡ് കളക്ഷൻ നേടിയിട്ടും മരിച്ച യുവതിയുടെ കുടുംബത്തിന് പുഷ്പ നിർമ്മാതാക്കൾ പ്രഖ്യാപിച്ച ധനസഹായം കുറഞ്ഞെന്ന ആരോപണവും ഉയർന്നു.
ആശുപത്രിയിൽ ജീവനോട് മല്ലിട്ട ഒമ്പതുവയസുകാരനെ കാണാൻ സൂപ്പർ താരം എത്തിയത് ഒരു മാസത്തിന് ശേഷമാണ്. ഈ രണ്ട് സംഭവങ്ങളും കരൂരിലെ ഇന്നലത്തെ ദുരന്തവുമായി സാമ്യമേറെയുണ്ട്. മൂന്ന് സംഭവങ്ങളിലും താരങ്ങളെ കാണാൻ എത്തിയവർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരെയും പരിക്കേറ്റവരെയും കാണാൻ ആദ്യ രണ്ട് സംഭവങ്ങളിലും താരങ്ങൾ തയ്യാറായത് ഏറെ വൈകി മാത്രവും. ബംഗളൂരുവിൽ ക്ലബ് അധികൃതരും ഹൈദരാബാദിൽ അല്ലു അർജുനും ഒരുദിവസമെങ്കിലും ജയിലിൽ കഴിഞ്ഞു. കരൂരില്‍ വിജയ്‍ക്കെതിരെ കേസ് പോലും എടുത്തിട്ടില്ല. വിജയ് സംഭവം ഉണ്ടായതിന് പിന്നാലെ ചെന്നൈയിലേക്ക് രാത്രി തന്നെ പോവുകയും ചെയ്തു.