
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ ടെർമിനലായ കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന് ലാഭിക്കാനാകുക 1856.11 കോടി രൂപ. വരുമാനം തിരിച്ചുപിടിക്കുക മാത്രമല്ല, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം രേഖപ്പെടുത്താനും ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കാനും വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും. 8,900 കോടി രൂപ ചെലവ് വരുന്ന പദ്ധതി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വഴിഞ്ഞം. തുറമുഖത്തെ കിലോമീറ്റർ വരെ അകലത്തിൽ 18 മുതൽ 20 മീറ്റർ വരെ ആഴമുള്ളതാണെന്നതാണ് പ്രത്യേകത. മദർഷിപ്പുകൾ അടുപ്പിക്കാൻ അനുയോജ്യമായ പ്രധാന തുറമുഖമാണ് വിഴിഞ്ഞം. ഈ മാസം മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലായ തുർക്കിയെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടതും വൻനേട്ടമായി. 400 മീറ്റർ നീളവും 61 മീറ്റർ വീതിയും 33 മീറ്റർ ആഴവുമുള്ള കപ്പലാണ് എംഎസ്‍സി തുർക്കിയെ. 400 മീറ്റർ നീളവും 61 മീറ്റർ വീതിയും, 34 മീറ്റർ ആഴവുമുള്ള കപ്പലാണ് തുർക്കിയെ. 24,300 ടിഇയുവാണ് സംഭരണശേഷി.
നിലവിൽ ഇന്ത്യയിലേക്കുള്ള സമുദ്ര ചരക്കുകളുടെ ഏകദേശം 75 ശതമാനവും സിംഗപ്പൂർ, കൊളംബോ, ദുബായ് പോലുള്ള വിദേശ തുറമുഖങ്ങളിലാണ് ട്രാൻസ്ഷിപ്പ് ചെയ്യുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളിലേക്ക് ചരക്ക് മാറ്റിയാണ് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് എത്തിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയുടെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമാണ്.
കിഴക്ക്-പടിഞ്ഞാറ് കപ്പൽ ചാനലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞമെന്നതും അനുകൂല ഘടകമാണ്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ, ഇന്ത്യൻ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഒരു കണ്ടെയ്നറിന് 80 മുതൽ 100 ഡോളർ വരെ അധിക ചിലവ് തിരിച്ചുപിടിക്കാൻ കഴിയും.
രാജ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകളുടെ 75 ശതമാനവും നേരത്തെ വിദേശ തുറമുഖങ്ങൾ വഴിയാണ് വഴിതിരിച്ചുവിട്ടിരുന്നത്. ഇത് ഇന്ത്യൻ വ്യവസായങ്ങൾക്ക് വർദ്ധിച്ച ചെലവ് ഉണ്ടാക്കുന്നതിന് പുറമെ, ലോജിസ്റ്റിക്കൽ കാര്യക്ഷമതയില്ലായ്മ, തിരക്ക് പ്രശ്നങ്ങൾ എന്നിവക്കും കാരണമാകുന്നു. രാജ്യത്തിനും ഉപഭൂഖണ്ഡത്തിനും ലോകോത്തര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറാനുള്ള സാധ്യതയും വിഴിഞ്ഞം തുറമുഖത്തിനുണ്ട്. കിഴക്ക്-പടിഞ്ഞാറ് കപ്പൽചാലുകൾ യൂറോപ്പിനെയും വടക്കേ അമേരിക്കയെയും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ ചാനലിൽ നിന്ന് വളരെ അടുത്താണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ഇത് ചരക്ക് കപ്പലുകൾക്ക് നങ്കൂരമിടാൻ സമയം ലാഭിക്കുന്നു. ഏറ്റവും കുറഞ്ഞ ലിറ്റോറൽ ഡ്രിഫ്റ്റ് മാത്രമാണ് വിഴിഞ്ഞത്ത് സംഭവിക്കുന്നത്.
തിരമാലകൾ കാരണം സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അവശിഷ്ടങ്ങൾ തീരത്ത് എത്തുന്നതിനെയാണ് ലിറ്റോറൽ ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നത്. തുറമുഖങ്ങൾക്ക് പ്രധാന വെല്ലുവിളിയാണ് ലിറ്റോറൽ ഡ്രിഫ്റ്റ്. റെയിൽ-റോഡ് കണക്ടിവിറ്റിയും വിഴിഞ്ഞത്തിന് അനുകൂലമാണ്. തമിഴ്‌നാട്ടിലെ സേലത്തെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 47 തുറമുഖത്ത് നിന്ന് വെറും 2 കിലോമീറ്റർ അകലെയാണ്. റെയിൽ കണക്ടിവിറ്റിയാകട്ടെ വെറും 12 കിലോമീറ്റർ അകലെയും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തുറമുഖത്ത് നിന്ന് വെറും 15 കിലോമീറ്റർ മാത്രമാണ് ദൂരം.