
സൂറത്ത്: സ്വന്തമായി ഒരു വീടോ,ഫ്ലാറ്റോ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ, തൻ്റെ വീട്ടിലെ ജോലിക്കാരി 60 ലക്ഷം രൂപയുടെ മൂന്ന് ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങിയെന്നാറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ വീട്ടുടമ. നളിനി ഉനഗർ എന്ന യുവതിയാണ് തൻ്റെ വീട്ടിൽ സഹായത്തിന് വരുന്ന സ്ത്രീയുടെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും സമ്പാദ്യത്തെ കുറിച്ചും എക്സിൽ കുറിച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്യ്തു.
വീട്ടിലെ ജോലിക്കാരി ഇന്ന് വളരെ സന്തോഷവതിയായിട്ടാണ് വന്നത്. സൂറത്തിൽ 60 ലക്ഷം രൂപയുടെ ഒരു 3BHK ഫ്ലാറ്റ് വാങ്ങിയെന്നും, ഫർണിച്ചറിനായി 4 ലക്ഷം രൂപ ചെലവഴിച്ചെന്നും, ആകെ 10 ലക്ഷം രൂപ മാത്രമാണ് ലോൺ എടുത്തതെന്നും അവര്‍ പറഞ്ഞെന്ന് പോസ്റ്റിൽ പറയുന്നു. ഇതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ വീട്ടുജോലിക്കാരിക്ക് അടുത്തുള്ള വേലഞ്ച ഗ്രാമത്തിൽ വാടകയ്ക്ക് നൽകിയിട്ടുള്ള രണ്ട് നിലകളുള്ള ഒരു വീടും ഒരു കടയും ഇതിനകം സ്വന്തമായിട്ടുണ്ടെന്ന് മനസ്സിലായി.
"ഞാൻ ഒന്നും പറയാനാവാതെ അവിടെ ഇരുന്നുപോയി' എന്ന് വീട്ടുടമ പോസ്റ്റിൽ കൂട്ടിച്ചേർത്തു. പോസ്റ്റിന് വന്ന ചോദ്യങ്ങളിൽ, എങ്ങനെ ഇത്ര പണം ഉണ്ടായി എന്ന സംശയത്തിന് മറുപടിയായി നളിനി കുറിച്ചത്, ഇത് 'സ്മാർട്ട് സേവിംഗ്‌സിൻ്റെയും അനാവശ്യ കാര്യങ്ങളിൽ പണം പാഴാക്കാത്തതിൻ്റെയും മാജിക്കാണ്' എന്നാണ്. മറ്റൊരു പ്രതികരണത്തിനുള്ള മറുപടിയിൽ ഇത്തരം ജോലികളിലുള്ളവർ പാവപ്പെട്ടവരാണ് എന്നൊരു ചിന്താഗതി നമ്മുടെ സമൂഹത്തിൽ വേരുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാനടക്കമുള്ളവര്‍ക്ക് അത്ഭുതം തോന്നുന്നതെന്നുമായിരുന്നു.
യാഥാർത്ഥ്യത്തിൽ, അവർ പണത്തിന്റെ കാര്യത്തിൽ നമ്മളേക്കാൾ മിടുക്കരാണ്. നമ്മൾ കഫേകൾക്കും ഫോണുകൾക്കും വിലകൂടിയ സാധനങ്ങൾക്കും യാത്രകൾക്കുമായി പണം ചെലവഴിക്കുമ്പോൾ, അവർ വിവേകത്തോടെ സമ്പാദിക്കുകയും കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് മറ്റൊരു പ്രതികരണത്തിന് മറുപടിയായി നളിനി കുറിച്ചു. വീട്ടുജോലിക്കാരിയുടെ ഈ 'സ്മാർട്ട് ഇൻവെസ്റ്റ്‌മെൻ്റ്' കഥ ഓൺലൈനിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. കുറഞ്ഞ വരുമാനക്കാർ പോലും ശ്രദ്ധാപൂർവമുള്ള സമ്പാദ്യത്തിലൂടെ എങ്ങനെ ജീവിതത്തിൽ വിജയിക്കുന്നു എന്നതിൻ്റെ ഉദാഹരണമായി നിരവധി പേർ ഈ സംഭവത്തെ എടുത്തുപറയുന്നു.