'കൊല്ലുന്നതല്ല,അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് കുറ്റകൃത്യം'; മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്

By Web TeamFirst Published Oct 4, 2019, 3:07 PM IST
Highlights

"ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്."

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത യില്‍ ആശങ്കയറിയിച്ച് കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍.  അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. 

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും താന്‍ പറഞ്ഞപ്പോള്‍, അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് താനങ്ങനെ പറഞ്ഞതെന്നും വി എസ് അഭിപ്രായപ്പെട്ടു. രാമചന്ദ്രഗുഹ, മണിരത്നം, അപർണ സെൻ, അടൂര്‍ ഗോപാലകൃഷ്ണന്‍  തുടങ്ങി 49 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.  ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്. 

Read Also: അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം..

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്‍റെ നിലപാട്. "അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല" എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നത്.

ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്‍റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.

ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്‍റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്‍റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്.

Read Also: 'മോദിക്കെതിരെ പറയുന്നവരെ ജയിലിലിടുന്ന അവസ്ഥ' ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

click me!