
കൊൽക്കത്ത: മട്ടൺ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന ബംഗാളി നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായക് ചക്രവർത്തിയുടെ പരാതിയിൽ കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള പ്രശസ്തമായ 'ഒളി' പബ്ബിലെ വെയിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് നസീറുദ്ദീൻ എന്ന വെയിറ്ററാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിക്കാനെത്തിയ സായക് ഒരു മട്ടൺ സ്റ്റീക്കാണ് ഓർഡർ ചെയ്തത്. എന്നാൽ അവർക്ക് വിളമ്പിയത് ബീഫ് ആയിരുന്നുവെന്ന് നടൻ ആരോപിക്കുന്നു.
ഓർഡർ ചെയ്യാത്ത രണ്ടാമത്തെ സ്റ്റീക്ക് മേശയിൽ വെച്ചപ്പോഴാണ് സംശയം തോന്നിയത്. വെയിറ്ററെ ചോദ്യം ചെയ്തപ്പോൾ, ഒന്ന് മട്ടണും മറ്റൊന്ന് ബീഫും ആണെന്ന് അയാൾ പറഞ്ഞതോടെയാണ് തങ്ങൾ കഴിച്ചത് ബീഫ് ആണെന്ന് തിരിച്ചറിഞ്ഞതെന്ന് സായക് പറഞ്ഞു. താനൊരു ബ്രാഹ്മണനാണെന്നും അറിയാതെ ബീഫ് കഴിക്കേണ്ടി വന്നത് തന്‍റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സായക് ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് കേസെടുക്കുകയും വെയിറ്ററെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. റെസ്റ്റോറന്‍റ് മാനേജർ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ഇതൊരു ഗുരുതരമായ തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു. സായക് ബിജെപി ഏജന്‍റാണെന്നും വർഗ്ഗീയ ലഹളയ്ക്ക് ശ്രമിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നു. എന്നാൽ തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഈ പ്രതികരണം വൈകാരികം മാത്രമാണെന്നും സായക് പിന്നീട് വ്യക്തമാക്കി. തനിക്ക് മുസ്ലീം സുഹൃത്തുക്കളുണ്ടെന്നും ഈ സംഭവത്തിന് പിന്നിൽ വർഗ്ഗീയതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam