സ്ത്രീകള്‍ക്ക് വിവാഹത്തിനും ഗര്‍ഭിണിയാവാനും താല്‍പര്യമില്ല; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മന്ത്രി

By Web TeamFirst Published Oct 11, 2021, 8:30 AM IST
Highlights

ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച് കഴിയാനാണ് താല്‍പര്യം.  വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്.പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനത്താലാണ് ഇത്. അത് ശരിയല്ലെന്നും സുധാകര്‍ പറഞ്ഞു.

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക(Karnataka) ആരോഗ്യമന്ത്രി കെ സുധാകര്‍ ( K Sudhakar ). ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും(Marriage) കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ലെന്നും വാടക ഗര്‍ഭപാത്രം (surrogacy)തേടി പോവുകയാണെന്നുമാണ് ബിജെപി(BJP) മന്ത്രിയുടെ പ്രസ്താവന. ലോക മാനസികാരോഗ്യ ദിനത്തില്‍ നിംഹാന്‍സില്‍ (NIMHANS) നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി മന്ത്രി.  

ഇന്ന് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ തനിക്ക് ഖേദമുണ്ട്. പക്ഷേ ഒരുപാട് ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച് കഴിയാനാണ് താല്‍പര്യം.  വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്. അത് ശരിയല്ലെന്നും സുധാകര്‍ പറഞ്ഞു. പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനത്താലാണ് ഇത്. ഇതിനെ പിന്തുടര്‍ന്ന് പ്രായമായ രക്ഷിതാക്കളെ ഒപ്പം താമസിപ്പിക്കാനും ആളുകള്‍ തയ്യാറാവാതെ വരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മളിന്ന് പോവുന്നത് പാശ്ചാത്യ ശൈലിയിലാണ്. നമ്മുടെ അച്ഛനും അമ്മയും ഒപ്പം താമസിക്കുന്നതിന് തന്നെ നമ്മുക്ക് താല്‍പര്യമില്ല പിന്നയല്ലേ പ്രായമായ അവരുടെ രക്ഷിതാക്കളെന്നുമായിരുന്നു കെ സുധാകര്‍ പറഞ്ഞത്.  

രാജ്യത്ത് ഏഴുപേരില്‍ ഒരാള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കെ സുധാകര്‍ പറഞ്ഞു. ചിലരില്‍ ഇത് പ്രകടമാകും മറ്റുചിലരില്‍ പ്രകടമാവില്ലെന്നും മന്ത്രി പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണെന്നും ഇന്ത്യക്കാര്‍ക്ക് അത് മറ്റുള്ളവരില്‍ നിന്ന പഠിക്കേണ്ട കാര്യമില്ല. പക്ഷേ അതെങ്ങനെയാണെന്ന് ലോകത്തിന് പഠിപ്പിക്കാനാവും.

യോഗയും മെഡിറ്റേഷനും പ്രാണായാമത്തിലൂടെയും സമ്മര്‍ദ്ദത്തിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാകും. ഇത് നമ്മുക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശീലനം കിട്ടിയ കാര്യമാണെന്നും കെ സുധാകര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കാന്‍ കൂടി സാധിക്കാത്തത് അടുത്ത ബന്ധുക്കളും വലിയ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും കെ സുധാകര്‍ കൂട്ടിച്ചേര്‍ത്തു. 

click me!