'ഒരു ദിവസം 43 മൃതദേഹങ്ങൾ കയറ്റി അയച്ച ആളാണ് ഞാൻ', ആ മേജർ ജനറൽ പറയുന്നു

Published : Mar 02, 2019, 09:44 PM ISTUpdated : Mar 02, 2019, 11:42 PM IST
'ഒരു ദിവസം 43 മൃതദേഹങ്ങൾ കയറ്റി അയച്ച ആളാണ് ഞാൻ', ആ മേജർ ജനറൽ പറയുന്നു

Synopsis

''യുദ്ധം അനേകം വിധവകളെ ഉണ്ടാക്കും, അനാഥരെ ഉണ്ടാക്കും, അല്ലാതെ എന്ത് നേട്ടമാണുണ്ടാക്കുന്നത്?'' 37 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച മേജർ ജനറൽ ജേക്കബ് തരകൻ പറയുന്നു. 

അതിർത്തിയിൽ യുദ്ധം നടത്തിയാൽ ഇന്ത്യ - പാക് സംഘർഷം അവസാനിക്കുമോ? ഒരു യുദ്ധത്തിലൂടെ അവസാനിക്കുന്നതാണോ ഇരുരാജ്യങ്ങളും തമ്മിലുള്ള കുടിപ്പക? 37 വർഷം ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ച, മേജർ ജനറലായി വിരമിച്ച ജേക്കബ് തരകൻ പറയുന്നതെന്ത്? 

യുദ്ധവെറിയാണോ പരിഹാരം?

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവർ' ചർച്ചയിൽ വെള്ളിയാഴ്ച പങ്കെടുത്തപ്പോൾ മേജർ ജനറൽ ജേക്കബ് തരകൻ പാകിസ്ഥാനുമായി ചർച്ചകൾ തുടരുക തന്നെയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ചർച്ച നയിച്ച വിനു വി ജോണിന് മേജർ ജനറൽ ജേക്കബ് തരകന്‍റെ ഈ നിലപാടിനെ വിമർശിച്ച് ഒരു പ്രേക്ഷകൻ ഒരു സന്ദേശമയച്ചു. 

'ഈ രീതിയിൽ സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അതിർത്തിയിലുള്ളതെങ്കിൽ പാകിസ്ഥാൻ ആക്രമണം നടത്തുമ്പോൾ ചർച്ചയ്ക്ക് ശ്രമിക്കുമായിരുന്നല്ലോ, ഇദ്ദേഹം വിരമിച്ചത് ഭാഗ്യം.'

ഇതിന് മേജർ ജനറൽ ജേക്കബ് തരകൻ നൽകിയ മറുപടി കൗതുകകരമാണ്, കുറിയ്ക്ക് കൊള്ളുന്നതും. 

അദ്ദേഹം പറയുന്നതിങ്ങനെ:

''ഇങ്ങനെ ഒരു മെസേജ് അയച്ച ആ വ്യക്തിയോട് എനിക്ക് വിദ്വേഷമോ വിരോധമോ ഇല്ല. യുദ്ധകാലത്തുൾപ്പടെ 29 മാസം കാർഗിലിൽ ഒരു യൂണിറ്റ് കമാൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ഞാൻ. 43 മൃതദേഹം ഒരു ദിവസം ശവപ്പെട്ടിയിൽ കയറ്റിയ ആളാണ്. യുദ്ധം എന്തെന്ന് എന്നോട് പറയരുത്. എനിക്കറിയാം, എന്താണ് യുദ്ധമെന്ന്!

അതിർത്തിയിൽ ഒരു സൈനികനും ചർച്ചയ്ക്ക് നിൽക്കാറില്ല. നയതന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതല്ല യുദ്ധം. അതിർത്തിയിൽ നിൽക്കുന്ന ഒരു സൈനികന്‍റെ ദൗത്യം അതിര് കാക്കുക എന്നതാണ്. ശത്രുവിനെ നേരിടുക എന്നതും പരാജയപ്പെടുത്തുക എന്നതുമാണ്. പക്ഷേ അതാണോ ശാശ്വതമായ പരിഹാരം? 

അനേകം വിധവകളെ, അനേകം അനാഥരെ ഉണ്ടാക്കാമെന്നല്ലാതെ യുദ്ധത്തിന് മറ്റൊന്നും ചെയ്യാനാകില്ല. 

ഇന്ത്യ - പാക് സംഘർഷത്തിന് ശാശ്വതമായ പരിഹാരം നേടണമെങ്കിൽ രണ്ട് രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് മുന്നോട്ടുപോകണം. അല്ലാതെ വേറെ വഴിയില്ല. 

ഇമ്രാൻ ഖാൻ സമാധാനത്തെക്കുറിച്ച് പാക് പാർലമെന്‍റിൽ പ്രസംഗിച്ചത് ആസ്പദമാക്കി ഇന്ത്യ ചർച്ചയ്ക്ക് മുന്നോട്ടുപോകണം. പറയുക മാത്രമല്ല, ചെയ്തിയിലും കാര്യമുണ്ടെന്ന് പാകിസ്ഥാനെ ബോധ്യപ്പെടുത്താൻ അതേ വഴിയുള്ളൂ. 

ഇന്ന് അടക്കം അതിർത്തിയിൽ നടന്ന ആക്രമണങ്ങളും കണ്ടാൽ ഇമ്രാൻ ഖാന്‍റെ സർക്കാർ പറയുന്നതും രണ്ടും രണ്ടാണ്. ഈ ഭീകരവാദികൾ ഇമ്രാൻ ഖാന്‍റെ നിയന്ത്രണത്തിലല്ല എന്നത് സുവ്യക്തമായ കാര്യമാണ്. അതുകൊണ്ട് കണക്കുകൂട്ടി നയതന്ത്രമേഖലയിൽ ഇന്ത്യ മുന്നോട്ടുപോകണം. ശക്തമായ നടപടിയെടുക്കാതെ ചർച്ചയ്ക്കില്ല എന്ന ഇപ്പോഴത്തെ നിലപാടിലുറച്ച് നിൽക്കണം. പാകിസ്ഥാനെക്കൊണ്ട് നടപടിയെടുക്കാൻ നിർബന്ധിതരാക്കണം. 

നമ്മുടെ അതിർത്തിയിൽ വെടിയൊച്ചകളല്ല സമാധാനമാണ് വേണ്ടത്. അതിന് ആയുധം കൊണ്ട് മാത്രം കഴിയുമെന്ന് കരുതരുത്. 

മേജർ ജനറലിന്‍റെ പ്രതികരണം കാണാം:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി