പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശം; കോൺ​ഗ്രസിനുള്ളിൽ പടയൊരുക്കം; സോണിയഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകം

By Web TeamFirst Published Sep 2, 2021, 1:03 PM IST
Highlights

പാര്‍ട്ടി  പ്രവേശനത്തെ എതിര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് പാരമ്പര്യവും സംസ്കാരവും അറിയില്ലെന്നാണ് 23 ഗ്രൂപ്പ്  നേതാക്കളില്‍ ചിലരടക്കം  ആക്ഷേപിക്കുന്നത്.

ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. പാര്‍ട്ടി  പ്രവേശനത്തെ എതിര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് പാരമ്പര്യവും സംസ്കാരവും അറിയില്ലെന്നാണ് ഗ്രൂപ്പ്  നേതാക്കളില്‍ ചിലരടക്കം  ആക്ഷേപിക്കുന്നത്.

ജനറല്‍സെക്രട്ടറി,  പ്രവര്‍ത്തക സമിതിയംഗം, അല്ലെങ്കില്‍ രാഷ്ട്രീയ ഉപദേഷ്ടാവ്. ഇതില്‍ ഏതെങ്കിലും ഒരു പദവി പ്രശാന്ത് കിഷോറിന് നല്‍കിയേക്കുമെന്നാണ് അഭ്യൂഹം. എഐസിസി പുനസംഘടനക്ക് മുന്നോടിയായി പ്രശാന്ത് കിഷോറിന്‍റെ പദവിയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളുടെയടക്കം  അഭിപ്രായം ആരായുന്നതിനിടെയാണ് കിഷോറിനെതിരായ പടയൊരുക്കം. ഇതുവരെ പാര്‍ട്ടിയുടെ ഭാഗമല്ലാതിരുന്നയാളെ  ഉയര്‍ന്ന പദവയില്‍ നിയോഗിക്കുന്നത് എങ്ങിനെ ന്യായീകരിക്കാനാകുമെന്നതാണ് പ്രധാന ചോദ്യം.ബിജെപിയുടെ വരവിന് സഹായിച്ചയാളെ എങ്ങനെ കോണ്‍ഗ്രസ് നവീകരണ ചുമതല ഏല്‍പിക്കാനാകുമെന്നും നേതാക്കള്‍ ചോദിക്കുന്നു.  കഴിവും അനുഭവസമ്പത്തുമുള്ള പാര്‍ട്ടിയിലെ നേതാക്കളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും സോണിയ ഗാന്ധിക്കയച്ച കത്തില്‍  നേതാക്കള്‍ ആവശ്യപ്പെടുന്നു. 

അടുത്തിടെ കപില്‍ സിബലിന്‍റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് 23 നേതാക്കളുടെ യോഗവും പ്രശാന്ത് കിഷോറിനായി വാതില്‍ തുറക്കുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍റെ കുപ്പായമഴിച്ചുവച്ച താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നറിയിച്ചുവെന്നാണ് പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങള്‍  പറയുന്നത്. ഇതിനിടെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി തേടി കഴിഞ്ഞു. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായുള്ള പല  വട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ കൈമാറിയിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!