
ദില്ലി: പ്രതിഷേധിക്കാനുള്ള മൗലികാവശമാണ് റിപബ്ലിക് ദിനത്തിലെ ചെങ്കോട്ടയിലുണ്ടായതെന്ന് പഞ്ചാബി നടനായ ദീപ് സിന്ധു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ നടനാണ് ദീപ് സിന്ധു. ഫെബ്രുവരി 9നാണ് ദീപ് സിന്ധു അറസ്റ്റിലായത്. വ്യാഴാഴ്ച ദില്ലിയിലെ കോടതിയിലാണ് ദീപ് സിന്ധുവിന്‍റെ പ്രതികരണം. അക്രമത്തിന് ആരെയും പ്രേരിപ്പിക്കാനുള്ള ലക്ഷ്യം തന്‍റെ പ്രവര്‍ത്തിക്ക് ഉണ്ടായിരുന്നില്ലെന്നും ദീപ് സിന്ധു കോടതിയില്‍ വിശദമാക്കി.
പ്രക്ഷോഭകരെ ശാന്തരാക്കി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പൊലീസിനെ സഹായിക്കുകയാണ് ശ്രമിക്കുകയാണ് തന്‍റെ കക്ഷി ചെയ്തതെന്നാണ് ദീപ് സിന്ധുവിന്‍റെ അഭിഭാഷക കോടതിയില്‍ വാദിച്ചത്. സംഭവങ്ങളില്‍ ഗൂഡാലോചന ഉണ്ടായിട്ടില്ലെന്നും തെറ്റായ സമയത്ത് ശരിയല്ലാത്ത ഇടത്ത് എത്തിപ്പെട്ട പ്രമുഖ വ്യക്തി മാത്രമാണ് തന്‍റെ കക്ഷിയെന്നുമാണ് സിന്ധുവിന്‍റെ അഭിഭാഷകയുടെ വാദം. പ്രതിഷേധിക്കാനുള്ള മൗലികാവകാശം അനുസരിച്ചാണ് ദീപ് സിന്ധു അവിടെ എത്തിയത്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് വിവിധ കര്‍ഷക സംഘടനകളാണ്. ആരോടും ചെങ്കോട്ടയിലേക്ക് വരാനായി ദീപ് സിന്ധു ആവശ്യപ്പെട്ടിട്ടില്ല. താനൊരു കര്‍ഷക സംഘടനയുടേയും അംഗമല്ല. എന്നാല്‍ പ്രതിഷേധിച്ച ആളുകളെ താന്‍ തടയാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ട്. ചെങ്കോട്ടയിലേക്ക് ട്രാക്ടറുമായി എത്താന്‍ താന്‍ ആരെയും വിളിച്ചില്ല. ബാരിക്കേഡുകള്‍ തകര്‍ത്തത് താനല്ലെന്നും ദീപ് സിന്ധു വാദിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് സമീപത്തെ ഒരു ഭക്ഷണശാലയിലാണ് ദീപ് സിന്ധുവുണ്ടായിരുന്നതെന്നും രണ്ട് മണിക്ക് ചെങ്കോട്ടയിലെത്തുമ്പോള്‍ അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നതായും ദീപ് സിന്ധു പറയുന്നു.
അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് അവിടെ നിന്ന് പോന്നിരുന്നുവെന്നും ദീപ് സിന്ധു വാദിക്കുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ജാമ്യം നല്‍കണമെന്നും ദീപ് സിന്ധു വാദിക്കുന്നു. കേസില്‍ തീരുമാനമെടുക്കുന്നത് കോടതി ഏപ്രില്‍ 12 ലേക്ക് മാറ്റിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam