കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാം'; രാമക്ഷേത്രത്തിന് ഭൂമി വിട്ടുകൊടുക്കാമെന്ന് മുസ്ലിം സംഘടന

By Web TeamFirst Published Oct 10, 2019, 8:22 PM IST
Highlights

കേസില്‍ അനുകൂല വിധി വന്നാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യന്‍ മുസ്ലിംകള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഘടന വക്താക്കള്‍ അറിയിച്ചു. 

ലക്നൗ: അയോധ്യക്കേസിന്‍റെ വാദം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, നിര്‍ണായക തീരുമാനവുമായി മുസ്ലിം സംഘടന. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്നും രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാമെന്നും മുസ്ലിം ബുദ്ധിജീവികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ മുസ്ലിം ഫോര്‍ പീസ് എന്ന സംഘടന അറിയിച്ചു. കേസില്‍ അനുകൂല വിധി വന്നാല്‍ പോലും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും രാജ്യത്തെ സമാധാനത്തിനാണ് ഇന്ത്യന്‍ മുസ്ലിംകള്‍ മുന്‍ഗണന നല്‍കുന്നതെന്നും സംഘടന വക്താക്കള്‍ അറിയിച്ചു. 

ഈ സാഹചര്യത്തില്‍ ഞങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയാണ്. കോടതി അനുകൂല വിധി പറഞ്ഞാല്‍ പോലും അവിടെ മുസ്ലിം പള്ളി പണിയുക സാധ്യമല്ല. രാജ്യത്തെ നിലവിലെ അന്തരീക്ഷത്തില്‍ ഈ സ്വപ്നം സാക്ഷാത്കരിക്കില്ല. കോടതി വിധി അനുകൂലമായെന്നിരിക്കട്ടെ, ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, ആരാധനാലയ നിയമം ശക്തമാക്കണമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരണം- മുന്‍ അലിഗഢ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും രാജ്യത്തിന്‍റെ സമാധാനവും വികസനവും മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമി വിട്ടുകൊടുക്കാന്‍ മുസ്ലിം സംഘടനകള്‍ തയ്യാറാണെന്ന് നേരത്തെയും അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമായാണ്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് കേസിലെ പ്രധാന കക്ഷി. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ആഗസ്റ്റില്‍ എല്ലാ ദിവസവും അയോധ്യക്കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ വിധി വരുമെന്ന് സൂചനയുണ്ടെങ്കിലും സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടില്ല. ഒക്ടോബര്‍ 17ന് വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 2010 അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 14 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 

click me!