
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പരാമർശവുമായി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് യുപി മന്ത്രിയും ബിജെപി നേതാവുമായ രഘുരാജ് സിംഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്‍ലിം സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിവരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
സർവകലാശാലയ്ക്ക് വേണ്ടി നികുതി പണം എടുക്കുന്ന മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുമോ? എങ്കിൽ, ഞാൻ നിങ്ങളെ ജീവനോടെ കുഴിച്ചുമൂടും, പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുപിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഘുരാജ് സിംഗ്.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവനും നടപ്പിലാക്കും. ജനങ്ങൾക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ഇത് സത്രമല്ലെന്നും സിംഗ് പറഞ്ഞു. അലിഗഡിലെ മുസ്‍ലിംകൾ വളരെ സമാധാന പ്രിയരാണെന്ന് മാത്രമാണ് അലിഡഗ് സർവകലാശാലയോട് പറയാനുള്ളത്. ഞങ്ങളുടെ ഉദ്യോഗസ്ഥരയോ മുസ്‍ലിം സഹോദരങ്ങളെയോ നിങ്ങൾ ഖരാവോ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ തല്ലും. ഞങ്ങൾ ആരെയും വെറുതെ വിടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരിൽ കുറഞ്ഞത് ഒരുശതമാനം പേരെങ്കിലും ക്രിമിനൽ ബുദ്ധിയുള്ളവരാണെന്നും സിംഗ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam