
മുംബൈ: വിവാഹ വേദിയിൽ വച്ച് വരന് കുത്തേറ്റതോടെ പരിഭ്രാന്തി പടർന്നു. വിവാഹ ചടങ്ങ് ചിത്രീകരിക്കാൻ കൊണ്ടുവന്ന ഡ്രോൺ, ഓടിപ്പോയ അക്രമിയെയും കൂട്ടാളിയെയും പിന്തുടർന്നു. രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി. മഹാരാഷ്ട്രയിലെ അംരാവതിയിലാണ് സംഭവം.
22 വയസ്സുകാരനായ സുജൽ റാം സമുദ്രയുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളാണ് വേദിയിൽ എത്തി വരനെ കത്തികൊണ്ട് മൂന്ന് തവണ കുത്തിയത്. വരന്‍റെ തുടയിലും കാൽമുട്ടിലുമാണ് പരിക്കേറ്റത്. വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുകയായിരുന്ന ഡ്രോണ്‍ പെട്ടെന്ന് തന്നെ വീഡിയോഗ്രാഫർ അക്രമിക്ക് നേരെ തിരിച്ചു. സന്തോഷ നിമിഷങ്ങൾ പകർത്താൻ കൊണ്ടുവന്ന ഡ്രോണിൽ കുറ്റവാളിയുടെ ദൃശ്യം പതിഞ്ഞു. അത് നിർണായക തെളിവായി മാറി.
വിവാഹ ചടങ്ങിനെത്തിയവർ പരിഭ്രാന്തരായപ്പോഴും ഡ്രോൺ ഓപ്പറേറ്റർ അക്രമി ഏത് വഴിക്കാണ് രക്ഷപ്പെടുന്നതെന്ന് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നു, കദേശം രണ്ട് കിലോമീറ്റർ അക്രമിയുടെ നീക്കങ്ങൾ പകർത്തി. ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ചാണ് അക്രമി എത്തിയത്. വരനെ കുത്തിയ ശേഷം ബൈക്കിലാണ് അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച ഒരാൾ കൂടി ബൈക്കിൽ കയറി. വരന്‍റെ ബന്ധുക്കൾ പിന്നാലെ ചെന്നെങ്കിലും പിടികൂടാനായില്ല.
ഡ്രോൺ ഓപ്പറേറ്ററുടെ ജാഗ്രത വളരെയധികം സഹായകരമായെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ ചൗഹാൻ പറഞ്ഞു. പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വീഡിയോ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജെ പാർട്ടിക്കിടെ വരനും അക്രമിയും തമ്മിലുണ്ടായ ചെറിയ തർക്കമാണ് കത്തിക്കുത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതി നിലവിൽ ഒളിവിലാണ്. ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വരനെ അമരാവതിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ മുറിവേറ്റെങ്കിലും അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam