മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മധുര പലഹാരത്തിൽ വിഷം കലർത്തി നൽകി ഒരു കുടുംബത്തിലെ രണ്ടുപേരടക്കം മൂന്നുപേരെ കൊലപ്പെടുത്തി. സ്ത്രീധന പീഡന പരാതി നൽകിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ ഭർതൃവീട്ടുകാരാണ് കേസിലെ പ്രതികൾ.

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഒരു കുടുംബത്തിലെ രണ്ട് പേരടക്കം മൂന്നു പേ‍ർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മധുര പലഹാരത്തിൽ വിഷം കലർത്തിയിരുന്നുവെന്നും, ഇത് കഴിച്ചാണ് മൂവരും മരിച്ചതെന്നും കണ്ടെത്തി. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ആദ്യ നിഗമനമെങ്കിലും പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ഒരു യുവതിയും മുത്തച്ഛനും ഒരു സുരക്ഷാ ജീവനക്കാരനുമടക്കം മൂന്ന് പേർ മരിച്ച കേസിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ജനുവരി 9 ന് ആണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെ ഒരു സർക്കാർ ഓഫീസിനടുത്തായി പച്ചക്കറികളും പേടയും അടങ്ങിയ ഒരു സഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സഞ്ചി തുറന്ന് ഇതിൽ നിന്ന് ആദ്യം പേട കഴിച്ചതാകട്ടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 50 വയസുള്ള സുരക്ഷാ ജീവനക്കാരനായ ദഷ്രു യാദവാൻഷിയായിരുന്നു. കഴിച്ചയുടൻ ഛർദിയും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ട ഇയാൾ ചികിത്സയിലിരിക്കെ ജനുവരി 11ന് മരിച്ചു. എന്നാൽ ആദ്യ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.

പിന്നീട് അതേ പലഹാരങ്ങൾ അടങ്ങിയ സഞ്ചി സമീപത്തെ ഒരു കടയുടമയുടെ കുടുംബം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് 22 വയസുകാരിയായ ഖുഷ്ബു കത്തൂരിയ, 72കാരി മുത്തച്ഛൻ ഉൾപ്പെടെ 4 പേ‍ർ ഇതിന്റെ ബാക്കി കഴിച്ചു. ഇവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയെങ്കിലും ഖുഷ്ബുവും മുത്തച്ഛനും മരിച്ചു. അമ്മയും സഹോദരിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ ഒരേ സാഹചര്യത്തിൽ 3 പേർ മരിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണം പുരോഗമിച്ചതോടെ ഗൂഢാലോചനയുടെ പിന്നാമ്പുറവും പുറത്തുവന്നു. 2024 ജനുവരിയിൽ വിവാഹിതയായ ഖുഷ്ബു ഭർത്തൃവീട്ടിൽ നിന്ന് പീഡനമുണ്ടായെന്ന് ആരോപണം ഉന്നയിച്ചതാണ് സംഭവങ്ങളുടെ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നു. ഈ പരാതികൾ സമൂഹത്തിൽ ഭർത്തൃവീട്ടുകാർക്ക് അപമാനമായി മാറിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ഖുഷ്ബുവിന്റെ ഭർതൃ വീട്ടുകാരായ 3 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പ്രതികൾ മധുര പലഹാരത്തിൽ ആഴ്‌സെനിക് കലർത്തി ഖുഷ്ബുവിന്റെ പിതാവിന്റെ കടയ്ക്ക് സമീപം ബാഗ് വെച്ചത് ഖുഷ്ബുവോ അല്ലെങ്കിൽ കുടുംബാംഗങ്ങളോ അത് കഴിക്കുമെന്ന കണക്കുകൂട്ടലോടെയാണെന്നും പൊലീസ് പറയുന്നു. അനുവദനീയമായ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണ് പേടയിൽ ആഴ്‌സെനിക്കിന്റെ അളവ് കണ്ടെത്തിയതെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞു. നിരവധി പേരെ കൊല്ലാൻ മതിയായ അളവിലായിരുന്നു വിഷമെന്നും കണ്ടെത്തൽ. സുരക്ഷാ ജീവനക്കാരൻ ഇത് കഴിക്കുമെന്ന് പ്രതികൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.