സ്വര്‍ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു, മൻ കി ബാത്തിൽ നന്ദി പറഞ്ഞ് മോദി

Published : Jun 28, 2026, 05:14 PM IST
PM Modi

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കൽ നിർദ്ദേശങ്ങളായ സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വയ്ക്കുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയവ ഏറ്റെടുത്ത ജനങ്ങൾക്ക് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞു

വിക്ടോറിയ: പശ്ചിമേഷ്യന്‍ സംഘര്‍ഷ കാലത്ത് ചെലവ് നിയന്ത്രിക്കാനായി താന്‍ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ ആവേശ പൂര്‍വം ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് നല്ല പ്രതികരണം കിട്ടിയെന്നും, അക്കാര്യം കത്ത് മുഖേനെ തന്നെ അറിയിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 135 -ാമത്തെ എപ്പിസോഡില്‍ പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന തുടങ്ങിയ കേന്ദ്ര ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ വിശദീകരിച്ച മോദി വാര്‍ഷിക പ്രീമിയമായി ആദ്യ പദ്ധതിയില്‍ 20 രൂപയും, രണ്ടാമത്തേതില്‍ 436 രൂപയും അടച്ചാല്‍ 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് തുകയായി കിട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സെയ്ഷെൽസ് സന്ദർശനത്തിനിടെയാണ് മോദിയുടെ മൻ കി ബാത്തിന്‍റെ പുതിയ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്.

'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' മോദിക്ക് സമ്മാനിച്ചു

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കും വിവരിച്ചുകൊണ്ടാണ് സെയ്ഷെൽസ് പരമോന്നത പുരസ്കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സമാനമായ നിരവധി പുരസ്കാരങ്ങളുടെ തുടർച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന 2026 മേയിൽ മോദിക്ക് 'അഗ്രിക്കോള മെഡൽ' നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളർച്ചയും ആഗോള സഹകരണവും മുൻനിർത്തി 2018 ൽ സിയോൾ സമാധാന പുരസ്കാരവും, പരിസ്ഥിതി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

സെയ്ഷെൽസുമായുള്ള ബന്ധം ദൃഢമാക്കും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ എത്തിയ മോദി, സെയ്ഷെൽസ് ദേശീയ അസംബ്ലിയിൽ സംസാരിച്ചു. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകൾ ചർച്ചയായി. സെയ്ഷെൽസിന് സമുദ്ര പട്രോളിംഗിനുള്ള കപ്പലും സന്ദർശനവേളയിൽ ഇന്ത്യ കൈമാറി. സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണവും മോദി ഏറ്റുവാങ്ങും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി മുഖ്യാതിഥിയാണ്. ഇന്നലെ സെയ്ഷെൽസിലെ ഇന്ത്യൻ വംശജർ വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പ് നൽകിയിരുന്നു. സെയ്ഷെൽസ് പ്രസിഡന്‍റ് പാട്രിക് ഹെർമെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കൽ ​ഗാർഡൻ സന്ദർശിക്കാൻ പോയത്. പ്രസിഡന്‍റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മോദി നാളെയാകും മടങ്ങുക. അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ ക്ഷേത്രക്കൊള്ള; പ്രതികളുടെ സാമ്പത്തിക നിലയിൽ വളർച്ചയുണ്ടായെന്ന് കണ്ടെത്തൽ, കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്
സിയയെ സാക്ഷിയാക്കി ഡമ്മി താഴേക്ക് തള്ളിയിട്ട് പൊലീസ്, ക്രൈം സീൻ പുനരാവിഷ്കരിച്ചു; കേതനെ കൊലപ്പെടുത്താൻ ക്രൂരമായ പ്ലാൻ