
കൊൽക്കത്ത: ആർജി കർ ബലാത്സംഗ കൊലപാതക കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി ബംഗാൾ സർക്കാർ. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യം. കോടതി വിധിയിലെ കൊൽക്കത്ത പൊലീസിനെതിരായ പരാമർശം സർക്കാരിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.
വധശിക്ഷ വിധിക്കുമെന്ന് കരുതിയ കേസിൽ പ്രതിക്ക് ശിക്ഷ ജീവപര്യന്തമായതോടെ വലിയ നിരാശയാണ് ആരോഗ്യ പ്രവർത്തകരടക്കം പങ്കുവെക്കുന്നത്. ഡോക്ടർമാരുടെ സംഘടനകൾ അടക്കം പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തി. വിധി പകർപ്പിൽ കൊൽക്കത്ത പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനം വിചാരണ കോടതി ജഡ്ജി ഉയർത്തിയതോടെ ബംഗാൾ സർക്കാരും പ്രതിരോധത്തിലായി. 172 പേജുള്ള വിധിയിൽ തുടക്കം മുതൽ പൊലീസിനുണ്ടായ വീഴ്ച്ച ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കളുടെ പരാതിയിൽ യഥാസമയം നടപടി സ്വീകരിച്ചില്ല, അസ്വഭാവിക മരണമെന്ന് വ്യക്തമായിട്ടും പരാതി കിട്ടുന്നത് വരെ കേസ് എടുത്തില്ല എന്നു തുടങ്ങി പ്രതിയുടെ മൊബൈലിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിലടക്കം പൊലീസിന്റെ വീഴ്ച എണ്ണിയെണ്ണി പറയുന്ന വിധിപ്രസ്താവം അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന വാദത്തെ ശക്തമാക്കുന്നതാണ്. പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്ന സംസ്ഥാന സർക്കാരിൻറെ വാദത്തെ വിധി ഖണ്ഡിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന അപ്പീൽ ഉടനടി സർക്കാർ സമർപ്പിച്ചത്. കൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. ഡോക്ടറുടെ കുടുംബവും ഉടൻ അപ്പീൽ സമർപ്പിക്കും. അതേസമയം കേസ് അട്ടിമറിച്ചത് മമത ബാനർജിയാണെന്ന് ബി ജെ പി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഫോൺ പരിശോധനയ്ക്ക് നൽകാൻ തയ്യാറാണോ എന്ന് ബി ജെ പി ചോദിക്കുന്നു. സിബിഐയും പൊലീസും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
യുവഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷയില്ല; പരസ്പരം കുറ്റപ്പെടുത്തി മമതയും ബിജെപിയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam