
കൊൽക്കത്ത: അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനായി എട്ട് ട്രെയിനുകൾക്ക് അനുമതി നൽകിയെന്ന് പശ്ചിമ ബംഗാൾ സർക്കാരിന്റെ മറുപടി. അമിത് ഷായുടെ കത്തിന് മറുപടിയായാണ് സർക്കാരിന്റെ വിശദീകരണം.
അതേസമയം ഉത്തർപ്രദേശുകാരായ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ 97 ട്രെയിനുകൾ ഇതുവരെ സംസ്ഥാനത്ത് എത്തിയതായി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്ഥിയും വ്യക്തമാക്കി. 17 ട്രെയിനുകൾ കൂടി ഇന്നെത്തും. അടുത്ത രണ്ട് ദിവസങ്ങളിലായി 98 ട്രെയിനുകൾ കൂടി സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളെ മടക്കി കൊണ്ട് വരുന്നതിനോട് പശ്ചിമ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ മമത ബാനർജിക്ക് കത്തയച്ചിരുന്നു. പ്രത്യേക ട്രെയിനുകൾ പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയാണെന്നും അമിത് ഷാ കത്തിൽ ആരോപിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങാനാവാതെ കടുത്ത ആശങ്കയിലാണ്. ഇവർ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ മമത സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നായിരുന്നു വിമർശനം.
ഇതുവരെ രണ്ട് ലക്ഷം അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെ ബംഗാളിൽ തിരിച്ചെത്തിക്കാൻ ട്രെയിൻ സൗകര്യം ഒരുക്കാൻ തയ്യാറാണ്. എന്നാൽ മമത സർക്കാർ സഹകരിക്കുന്നില്ല. ഇത് സംസ്ഥാനത്ത് നിന്നുള്ള അതിഥി തൊഴിലാളികളോട് കാട്ടുന്ന അനീതിയാണെന്നും അമിത് ഷാ കത്തിൽ പറഞ്ഞു. അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ഇവർ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam