ഗാന്ധിജയന്തി ദിവസം മാംസാഹാരം വില്‍ക്കില്ലെന്ന് വെസ്റ്റേണ്‍ റെയില്‍വേ

By Web TeamFirst Published Sep 24, 2019, 8:40 PM IST
Highlights

 വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ തീരുമാനം വ്യക്തമാക്കുന്ന സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷന്‍ മാസ്റ്ററുമാരോടും കാറ്ററിംഗ് യൂണിറ്റുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുവാനും നിര്‍ദേശിച്ചിട്ടുണ്ട്.

ദില്ലി: ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിവസം മാംസാഹാരം വില്‍ക്കില്ലെന്ന് വെസ്റ്റേണ്‍ റെയില്‍വേ. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇത് പ്രമാണിച്ചാണ് മാംസാഹാരത്തിന് വെസ്റ്റേണ്‍ റെയില്‍വേയുടെ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റെയില്‍വേ ഗാന്ധിജയന്തി ദിവസം മാംസാഹാരത്തിന് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാല്‍, വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു. വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ തീരുമാനം വ്യക്തമാക്കുന്ന സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ സ്റ്റേഷന്‍ മാസ്റ്ററുമാരോടും കാറ്ററിംഗ് യൂണിറ്റുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുവാനും നിര്‍ദേശിച്ചിട്ടുണ്ട്. മെയില്‍, എക്സ്പ്രസ്, പാസഞ്ചറുകള്‍ ഉള്‍പ്പെടെ 939 ട്രെയിനുകളാണ് ആറ് ഡിവിഷനുകളും 510 റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ളത്. ഒരു ലക്ഷത്തോളം ജീവനക്കാരുള്ള വെസ്റ്റേണ്‍ റെയില്‍വേയില്‍ ശരാശരി 43.96 ലക്ഷം യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നതെന്നാണ് കണക്ക്. മുട്ട അടക്കമുള്ള മാംസാഹാരങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

click me!