
ചെന്നൈ: നടന്‍ വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് നീക്കങ്ങളുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പുറമേ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം വ്യാപക റെയ്ഡാണ് നടക്കുന്നത്. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു. അതേസമയം നടികര്‍സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തമിഴ് സിനിമയിലെ സസ്പെന്‍സ് ത്രില്ലറിനെ വെല്ലുന്ന നീക്കങ്ങളായിരുന്നു ഇന്നലെ വൈകിട്ട് മുതല്‍ ആദായ നികുതി വകുപ്പ് നടത്തിയത്. കടലൂരിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി സമന്‍സ് കൈമാറി ആദ്യഘട്ട ചോദ്യം ചെയ്യല്‍. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി മണിക്കൂറോളം യാത്ര ചെയ്ത് ചെന്നൈയിലേക്ക്. വസതിയിലെത്തിച്ച് അര്‍ധരാത്രിയിലുമുള്ള ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 2.30 വരെ നീണ്ടു. ചെന്നൈ സാലിഗ്രാമത്തെ വിജയിയുടെ വസതികളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. ബിഗിലിന്‍റെ പ്രതിഫലം കൈപ്പറ്റിയതിന്‍റെ രേഖകള്‍ നിര്‍മ്മാണ കമ്പനിയുടെ കണക്കുകളുമായി വൈരുദ്ധ്യമുള്ളതെന്ന് വിശദീകരിക്കുന്ന ആദായ നികുതി വകുപ്പ് നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ്.
ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ ഓഫീസുകളില്‍ നിന്ന് 25 കോടി രൂപ പിടിച്ചെടുത്തു. എജിഎസ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയ വ്യവസായി അന്‍ബു ചെഴകന്‍റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് 65 കോടി. ബിഗില്‍ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസുകളിലും പരിശോധന തുടരുകയാണ്. സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്‍റെ നിര്‍ദേശം. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ രജനീകാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നുവെന്നും ഇളയദളപതിയെ വേട്ടയാടുന്നുവെന്നും ആരോപിച്ചാണ് വിജയ് ആരാധകരുടെ ക്യാംപെയ്ന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam