'ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ.....?' മാസം ലക്ഷങ്ങളുടെ വരുമാനം, വാട്സാപ് വഴി ഓർഡർ എടുക്കും, സ്പീഡ് പോസ്റ്റ് വഴി സാധനം കയ്യിലെത്തിക്കും

Published : Jul 03, 2026, 01:48 PM IST
whatsapp orders and speed post delivery used in interstate ganja network

Synopsis

വാട്‌സാപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച്, യുപിഐ വഴി പണം വാങ്ങി, സ്പീഡ് പോസ്റ്റിലൂടെയും കൊറിയർ സർവീസുകളിലൂടെയും രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന വൻ അന്തർസംസ്ഥാന സംഘത്തെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗ് പിടികൂടി

ഹൈദരബാദ്: വാട്‌സാപ്പ് വഴി ഓർഡറുകൾ സ്വീകരിച്ച്, യുപിഐ വഴി പണം വാങ്ങി, സ്പീഡ് പോസ്റ്റിലൂടെയും കൊറിയർ സർവീസുകളിലൂടെയും രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന വൻ അന്തർസംസ്ഥാന സംഘത്തെ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റാക്കറ്റിന്‍റെ പ്രധാന സൂത്രധാരനായ ജാർഖണ്ഡ് ഗിരിദിഹ് സ്വദേശി സത്യം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നാല് കൂട്ടാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ജാർഖണ്ഡ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഈ സംഘം തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഡൽഹി ഉൾപ്പെടെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്കാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

വാട്‌സാപ്പും മറ്റ് സമൂഹമാധ്യമങ്ങളും വഴിയാണ് സംഘം ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ദിവസേന 80 മുതൽ 100 വരെ ഓർഡറുകൾ കൈകാര്യം ചെയ്തിരുന്ന ഇവർക്ക് പ്രതിമാസം 30 മുതൽ 35 ലക്ഷം രൂപ വരെയാണ് ഇതിലൂടെ വരുമാനം ലഭിച്ചിരുന്നത്. പ്രാദേശികമായി കൃഷി ചെയ്തും മറ്റും ശേഖരിക്കുന്ന കഞ്ചാവ് ചെറിയ അളവുകളിലാക്കി പാക്ക് ചെയ്ത ശേഷം, പാക്കറ്റിൽ മരുന്നെന്ന് എന്ന് വ്യാജമായി രേഖപ്പെടുത്തിയാണ് ഇവർ പോസ്റ്റ് ഓഫീസുകൾ വഴി അയച്ചിരുന്നത്. ഓരോ പാഴ്‌സലിലും 50 ഗ്രാം മുതൽ 250 ഗ്രാം വരെ കഞ്ചാവാണ് അടങ്ങിയിരുന്നത്. ഒരു ദിവസം എട്ട് മുതൽ പത്ത് വരെ സ്പീഡ് പോസ്റ്റ് പാഴ്‌സലുകൾ ഇവർ അയച്ചിരുന്നു.

കഞ്ചാവിന്‍റെ അളവും തരവും തിരിച്ചറിയാൻ മാംഗോ, സ്റ്റിക്ക്, ഫ്ലവർ തുടങ്ങിയ രഹസ്യ കോഡ് വാക്കുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. പണം കൈപ്പറ്റിയിരുന്നത് വിവിധ യുപിഐ അക്കൗണ്ടുകൾ വഴിയായിരുന്നു. മുംബൈ പോലുള്ള നഗരങ്ങളിൽ ട്രെയിൻ മാർഗ്ഗം വൻതോതിൽ കഞ്ചാവ് എത്തിച്ച ശേഷം പ്രാദേശിക ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചു നൽകുന്ന ശൃംഖലയും ഇവർക്കുണ്ടായിരുന്നു.

പിടിക്കപ്പെട്ടത് എങ്ങനെ?

ജാർഖണ്ഡിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന സംശയാസ്പദമായ ഒരു പാഴ്‌സൽ ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗ് തടഞ്ഞുവെച്ച് പരിശോധിച്ചതോടെയാണ് ഈ വലിയ ലഹരി ശൃംഖല പുറത്തുവരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ പ്രാദേശിക കച്ചവടക്കാരായ സുശാന്ത് വ്യാസ്, ലഡ്ഡു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ജാർഖണ്ഡിലെ പ്രധാന പ്രതിയിലേക്ക് പോലീസ് എത്തിയത്. തപാൽ വകുപ്പ് വഴിയുള്ള ഇത്തരം പാഴ്‌സലുകൾ കൃത്യമായ സ്കാനിംഗിന് വിധേയമാകാതെ വിമാനങ്ങളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നു എന്നത് വലിയൊരു സുരക്ഷാ വീഴ്ചയായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. തപാൽ പാഴ്‌സലുകൾ കർശനമായി സ്ക്രീൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പോലീസ് ബന്ധപ്പെട്ട കേന്ദ്ര അധികാരികൾക്ക് കത്തയച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ ക്ഷേത്രക്കൊളള: ചമ്പത് റായി ജയിലിലായേക്കുമെന്ന് ബിജെപി നേതാവ് വിനയ് കത്യാർ; പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവാകും
ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ; വിജയ്ക്കെതിരായ വിവാദ പരാമർശത്തിലാണ് അറസ്റ്റ്