
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ടുകള്‍ക്കകം ലഡാക്കില്‍ നിന്ന് ചൈനയെ തുരത്തുമായിരുന്നുവെന്ന രാഹുലിന്‍റെ പ്രസ്താവനയോട്, രാഹുല്‍ ഗാന്ധിക്ക് എവിടെ നിന്നാണ് ഇത്ര നല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നായിരുന്നു മിശ്രയുടെ ചോദ്യം.
കുരുക്ഷേത്രയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ബിജെപിയെ ആക്രമിച്ച് സംസാരിച്ചത്. യുപിഎ ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെങ്കില്‍ അയല്‍ രാജ്യത്തിന് ഇന്ത്യയുടെ നേര്‍ക്ക് ദുഷ്ടലാക്കോടെ ഒന്നു നോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിന്‍റെ വാക്കുകളെ മിശ്ര കണക്കിന് പരിഹസിച്ചു.
'10 ദിവസങ്ങള്‍ക്കുളളില്‍ വായ്പ എഴുതിത്തള്ളല്‍, 15 മിനിട്ടിനുള്ളില്‍ ചൈനയെ പുറത്താക്കല്‍. അദ്ദേഹത്തെ ഇതുപഠിപ്പിച്ച അധ്യാപകനെ ഞാന്‍ നമസ്‌കരിക്കുന്നു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഗുണമേന്മയുളള മയക്കുമരുന്ന് ലഭിക്കുന്നത്'-മിശ്ര പരിഹസിച്ചു.
മോദി രാജ്യത്തെ ദുര്‍ബലമാക്കിയതിനാലാണ് ചൈനയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനും നമ്മുടെ സൈനികരെ വധിക്കാനും സാധിച്ചതെന്നും കര്‍ഷ മാര്‍ച്ചില്‍ രാഹുല്‍ പറഞ്ഞിരുന്നു. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ചൈനയെ ഇന്ത്യയുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam