
ലഖ്നൗ: ഭാര്യയുടെ വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിനെ വെടിവെച്ചു കൊന്നു. അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് പ്രസിഡന്‍റ് രഞ്ജിത് ബച്ചനാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് 40കാരനായ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ രഞ്ജിത് ബച്ചന്‍റെ സഹോദരന്‍ ആദിത്യ ശ്രീവാസ്തവയ്ക്ക് പരിക്കേറ്റു. ഇവരുടെ മൊബൈല്‍ഫോണുകളും അക്രമികള്‍ കൈക്കലാക്കി.
സംഭവത്തില്‍ രഞ്ജിത് ബച്ചന്‍റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദിപേന്ദ്ര, ഡ്രൈവര്‍ സഞ്ജിത് ഗൗതം എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. എന്നാല്‍ രഞ്ജിതിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് ലഖ്നൗ പൊലീസ് കമ്മീഷണര്‍ സുജിത് പാണ്ഡേ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
രഞ്ജിതില്‍ നിന്ന് വിവാഹമോചനം നേടി ദീപേന്ദ്രയെ വിവാഹം കഴിക്കണമെന്ന് സമൃതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ രഞ്ജിത് ഇതിനെ ശക്തമായി എതിര്‍ത്തു. 2016 മുതല്‍ ഇരുവരുടെയും വിവാഹമോചനക്കേസ് കുടുംബക്കോടതിയില്‍ നടന്നുവരികയാണ്. സ്മൃതിക്ക് വിവാഹമോചനം നല്‍കാന്‍ രഞ്ജിത് തയ്യാറായില്ല.
ജനുവരി 17ന് രഞ്ജിതും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചക്കിടെ സ്മൃതിയെ രഞ്ജിത് മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിതിന്‍റെ കൊലപാതകം അന്വേഷിച്ച പൊലീസ് സാമ്പത്തിക തര്‍ക്കങ്ങളല്ല, ഇതിന് പിന്നില്‍ സ്മൃതിയും അവരുടെ കാമുകനുമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam