ആ 52 കിലോ സ്വർണ ബിസ്കറ്റുകളും 11 കോടിയുടെ നോട്ടുകെട്ടുകളും ആരുടേത്? ചുരുളഴിയാതെ 'ഗോൾഡൻ' ഇന്നോവ കാർ നിഗൂഢത

Published : Feb 05, 2025, 04:16 PM IST
ആ 52 കിലോ സ്വർണ ബിസ്കറ്റുകളും 11 കോടിയുടെ നോട്ടുകെട്ടുകളും ആരുടേത്? ചുരുളഴിയാതെ 'ഗോൾഡൻ' ഇന്നോവ കാർ നിഗൂഢത

Synopsis

മധ്യപ്രദേശിലെ ഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് 52 കിലോ സ്വർണവും 11 കോടി രൂപയും കണ്ടെത്തി. മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. സ്വർണവും പണവും ആരുടേതെന്ന് ഇനിയും വ്യക്തമല്ല.

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ട വിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ നിന്ന് 52 ​​കിലോഗ്രാം സ്വർണവും 11 കോടി രൂപയും കണ്ടെത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ), ലോകായുക്ത എന്നിവ ഉൾപ്പെടുന്ന പല അന്വേഷണ ഏജൻസികളാണ് ഈ കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഇക്കാലമത്രയും മധ്യപ്രദേശ് ഗതാഗത വകുപ്പിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയെ ചുറ്റിപ്പറ്റിയാണ്. 

2024 ഡിസംബറിൽ നടന്ന റെയ്ഡിന് ശേഷമാണ് സൗരഭ് ശർമ്മ എന്ന പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയത്.  പണവും ആഭരണങ്ങളും ഉൾപ്പെടെ ഏകദേശം 8 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. പിന്നാലെ ഭോപ്പാലിനടുത്തുള്ള മെൻഡോറി കാട്ടിൽ ഉപേക്ഷിച്ച വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ കാറിൽ 52 കിലോ സ്വർണവും 11 കോടി രൂപയും കണ്ടെത്തി. ഒരൊറ്റ ഉദ്യോഗസ്ഥനെ കുറിച്ച് തുടങ്ങിയ അന്വേഷണം മധ്യപ്രദേശിലുടനീളമുള്ള മുതിർന്ന ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരുമെല്ലാം ഉൾപ്പെടുന്ന അഴിമതിയുടെ മറ്റൊരു ലോകം തുറന്നുകാട്ടി.

കണ്ടുകെട്ടിയ സ്വത്ത്; രേഖകളിൽ പൊരുത്തക്കേട്

സൗരഭ് ശർമ്മയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ സംബന്ധിച്ച് ലോകായുക്തയുടെ റിപ്പോർട്ടിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്. 7.98 കോടി രൂപ കണ്ടെടുത്തെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ആഭരണങ്ങളും വെള്ളിയും ഉൾപ്പെടെ 55 ലക്ഷം രൂപ മാത്രമാണ് പിടിച്ചെടുത്തതെന്ന് ഡിഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. കണക്കിലെ ഈ പൊരുത്തക്കേടുകൾ ബോധപൂർവമായ തെറ്റിദ്ധാരണ ജനിപ്പിക്കാൻ വേണ്ടിയാണോ എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉയർത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം പിന്നീട് ഇഡി ഏറ്റെടുത്തു

'ഗോൾഡൻ' കാറിന്‍റെ ഉടമയെ ഇതുവരെ കണ്ടെത്തിയില്ല

നിരവധി ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ഇതുവരെ ഉപേക്ഷിക്കപ്പെട്ട ആ സ്വർണവും പണവും അവകാശപ്പെട്ട് ഇതുവരെ ആരും എത്തിയിട്ടില്ല. സൌരഭ് ശർമ്മയുടെ സുഹൃത്തായ ചേതൻ സിംഗ് ഗൗറിന്‍റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ തനിക്ക് ആ പണത്തിനെ കുറിച്ചോ സ്വർണത്തെ കുറിച്ചോ അറിയില്ലെന്നും ഒരാൾക്ക് വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ഗൗർ പറയുന്നു. എന്നാൽ അത് ആരാണെന്ന് ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.  

റെയ്ഡ് നടന്ന രാത്രി ശർമ്മയുടെ വീടിന് സമീപം ഈ കാറുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നിട്ടും ലോകായുക്ത ഓഫീസർമാർ വാഹനം തടഞ്ഞില്ല. ഇത് മുഖ്യ പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള സാവകാശം നൽകി.

വിശാല ഗോൾഡൻ നെറ്റ്‌വർക്ക് 

അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏജൻസികൾ അന്വേഷണം ഇപ്പോൾ മധ്യപ്രദേശിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്.  ശർമ്മയുടെ സാമ്പത്തിക ഇടപാടുകൾ ദുബൈ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുള്ള ബന്ധം സംബന്ധിച്ച് സൂചന നൽകുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ  കേസന്വേഷണ രീതിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.  ഇഡി, ഐടി വകുപ്പിന്‍റെ അന്വേഷണത്തിന് പ്രത്യേക നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഴിമതിക്കെതിരെ പോരാടുന്ന സർക്കാരാണിത് എന്നതായിരുന്നു മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ മറുപടി. 

നിലവിൽ സൗരഭ് ശർമ്മയും കൂട്ടാളികളായ ചേതൻ ഗൗറും ശരദ് ജയ്സ്വാളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്നാൽ ആ കാറിൽ കണ്ട പണവും സ്വർണവും ആരുടേതായിരുന്നു എന്ന പ്രധാന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

റിയൽ ഹീറോ; 20 വർഷം മുൻപ് രാക്ഷസ തിരമാലയിൽ നിന്ന് രക്ഷിച്ചു, ആ കുഞ്ഞ് വളർന്നപ്പോൾ വിവാഹം നടത്താനും കളക്ടറെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി