ആരാണ് സലീം ഫ്രൂട്ട്? എന്താണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധം? എൻഐഎ കസ്റ്റഡിയിലെടുത്തത് ആരെയാണ്?

By Sreenath ChandranFirst Published May 10, 2022, 3:22 PM IST
Highlights

ദാവൂദിന്‍റെ അധോലോക സാമ്രാജ്യത്തിലെ പോരാളി ഛോട്ടാ ഷക്കീലിന്‍റെ ബന്ധുവാണ് സലീം ഖുറേഷി. ഷക്കീലിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവ്. ഫ്രൂട്ട് എന്ന വാക്ക് പേരിനൊപ്പം ചേരാൻ ഒരു കാരണമുണ്ട്.

മുംബൈ: ദാവൂദ് ഇബ്രാമിനും (Dawood Ibrahim) ഡി കമ്പനിക്കും (D Company) എതിരെ എൻഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണ് കഴിഞ്ഞ ദിവസം മുംബൈയിലുണ്ടായത്. 25 ഇടങ്ങളിൽ ഒരേ സമയം റെയ്‍ഡ്. വൻ തോതിൽ പണവും ആയുധങ്ങളും പിടിച്ചെടുത്തെന്ന് എൻഐഎ പറയുന്നു. ഒപ്പം ചിലരെ കസ്റ്റഡിയിലുമെടുത്തു. അതിലൊരാളാണ് സലീം ഫ്രൂട്ട് (Salim Fruit) എന്നറിയപ്പെടുന്ന സലീം ഖുറേഷി.

ദാവൂദിന്‍റെ അധോലോക സാമ്രാജ്യത്തിലെ പോരാളി ഛോട്ടാ ഷക്കീലിന്‍റെ ബന്ധുവാണ് സലീം ഖുറേഷി. ഷക്കീലിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവ്. ഫ്രൂട്ട് എന്ന വാക്ക് പേരിനൊപ്പം ചേരാൻ ഒരു കാരണമുണ്ട്. തെക്കൻ മുംബൈയിൽ പഴവർഗങ്ങൾ വിൽക്കുന്നയാളാണ് ഖുറേഷി. 22 വർഷങ്ങൾക്ക് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ കഴിയവേ ദാവൂദിനും ഛോട്ടാ ഷക്കീലിനുമൊപ്പം ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മാഫിയാ സംഘത്തിന്‍റെ ഭാഗമായിരുന്നു സലീം ഖുറേഷി.

ഇതേ തുടർന്ന് 2006ൽ യുഎഇ സലിമിനെ ഇന്ത്യയിലേക്ക് നാടുകടത്തി. മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മക്കോക്ക ചുമത്തി പൊലീസ് പിന്നാലെ അറസ്റ്റ് ചെയ്തു. 2010 വരെ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. 2004ൽ രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിൽ 2016ൽ വീണ്ടും അറസ്റ്റിലായി. ഒരു ഡോക്ടറെയാണ് ആ കേസിൽ ഭീഷണിപ്പെടുത്തിയത്. 25 ലക്ഷം ചോദിച്ചു. 10 ലക്ഷത്തിൽ ഉറപ്പിച്ചു. പണം വാങ്ങാൻ വന്ന രണ്ട് പേരെ ക്രൈംബ്രാഞ്ച് കയ്യോടെ പിടികൂടുകയായിരുന്നു. 

സലീം ഖുറേഷിയുടെ പേര് ഇടക്കാലത്ത് വാർത്തകളിൽ നിറയുന്നത് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്കുമായി ബന്ധപ്പെട്ട കേസിലാണ്. നവാബ് മാലിക് നടത്തിയ ഭൂമി ഇടപാടിൽ ദാവൂദിന്‍റെ ഡി കമ്പനിക്കും ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നു. മന്ത്രിയെ അവർ അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇഡി സലീം ഖുറേഷിയേയും ചോദ്യം ചെയ്തിരുന്നു. 

click me!